Site iconSite icon Janayugom Online

പ്രതിപക്ഷ നേതാവിന്റെ പെട്ടിപിടുത്തക്കാർ ആഞ്ഞുവീശിയാൽ പതറുന്നവരല്ല മന്ത്രിമാർ; മന്ത്രി മുഹമ്മദ് റിയാസ്

പ്രതിപക്ഷ നേതാവിന്റെ പെട്ടിപിടുത്തക്കാർ ആഞ്ഞുവീശിയാൽ പിന്മാറുന്നവർ അല്ല എൽഡിഎഫ് സർക്കാരിൽ ഉള്ളതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു, ഇന്ന് പ്രതിപക്ഷ നേതാവിന്റെ പെട്ടി പിടിക്കുന്നവർ പണ്ട് മറ്റു പലരുടെയും പെട്ടിപിടുത്തക്കാർ ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോൺഗ്രസിൽ നിരവധി ആഭ്യന്തര പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട്. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എതിരെ വലിയ പ്രതിഷേധം കോൺഗ്രസിനകത്തുണ്ട്. നിയമസഭയിൽ ബഹളം ഉണ്ടാക്കിയാൽ കോൺഗ്രസിനകത്തെ ആഭ്യന്തര പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടില്ല എന്നാണ് ഇവരുടെ ധാരണ. എന്നാൽ കോൺഗ്രസിനകത് ജനാധിപത്യമില്ല എന്ന് പരസ്യമായി പറയുന്നത് അവരുടെതന്നെ മുതിർന്ന നേതാക്കൾ ആണ്. നിയസഭയിൽ കുഴപ്പങ്ങൾ ഉണ്ടാക്കിയാലൊന്നും ജനം ഇത് തിരിച്ചറിയാതിരിക്കില്ല. 

പ്രതിപക്ഷ നേതാവിനോട് വ്യക്തിപരമായ ഒരു വിരോധവും ഇല്ല. മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വികസന ആവശ്യങ്ങളിൽ പ്രത്യേക ശ്രദ്ധ ഉണ്ടാവും. ഇവിടെ രാഷ്ട്രീയമാണ് പറയുന്നത്. അത് ഇനിയും തുടരും. മുൻകാലങ്ങളിൽ ഇല്ലാത്തതാണ് ഇപ്പോൾ നടക്കുന്നത്. സ്പീക്കറുടെ ഓഫീസിൽ സമരം നടത്തുക എന്നതൊക്കെ നേരത്തെ നടന്നിട്ടുണ്ടോ. ഉപദേശക സമിതിയിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയെ കുറ്റം പറയാൻ പ്രതിപക്ഷത്തിന് എന്താണ് അർഹത. പ്രതിപക്ഷ നേതാവും എംഎൽഎമാരും അവരുടെ ബിസിനസ് നടത്താൻ എഴുന്നേറ്റ് നിൽക്കുമ്പോൾ മുഖ്യമന്ത്രിയെയും സർക്കാരിനെയും എന്തും വിളിച്ചു പറയാം, തിരിച്ച് ഒന്നും പറയരുത് എന്ന രീതി എങ്ങനെയാണ് അംഗീകരിക്കുകയെന്നും മന്ത്രി ചോദിച്ചു. 

പ്രതിപക്ഷ നേതാവും ചില കോൺഗ്രസ് എംഎൽഎമാരും ശ്രമിക്കുന്നത് അന്ധമായ ഇടതുപക്ഷ വിരോധം കുത്തിവെക്കുക എന്ന ബിജെപി നയം നടപ്പാക്കാൻ ആണ്. കേരളത്തിലെ സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്നത് കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ പ്രധാന അജണ്ടയാണ്. ബിജെപി ഇതര സർക്കാരുകളിൽ പ്രത്യയശാസ്‌ത്രപരമായി ഏറ്റവും അപകടം കേരളത്തിലെ ഇടത്‌പക്ഷമാണ് എന്ന് ബിജെപി വിലയിരുത്തുകയും അവരുടെ ചില നേതാക്കളുടെ പ്രസ്താവനകളിലും പ്രസംഗങ്ങളിലും അത് വ്യക്തമാവുകയും ചെയ്തിട്ടുണ്ട്. ഒരു സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തണമെങ്കിൽ അവിടുത്തെ ഉയർന്ന ജനാധിപത്യ വേദിയിൽ ആകെ കുഴപ്പം സൃഷ്ടിക്കണം. കുഴപ്പമാണ് എന്ന് വരുത്തിത്തീർക്കാൻ നിയമസഭ നടക്കാതിരിക്കണം. നിയമസഭയിൽ കുഴപ്പങ്ങൾ കൃത്രിമമായി ഉണ്ടാക്കണം. ബിജെപിക്ക് ഇത് കേരളത്തിൽ നേരിട്ട് പറ്റില്ല. എന്നാൽ ബിജെപിക്ക് ഒരു പ്രതിപക്ഷ നേതാവ് ഉള്ളതുപോലെ ഭംഗിയായി ആണ് കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ചില കോൺഗ്രസ് എംഎൽഎമാരുടെ സഹായത്താൽ ബോധപൂർവം കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇടതുപക്ഷജനാധിപത്യ മുന്നണി സർക്കാരുകൾ എന്നും പ്രതിപക്ഷ ബഹുമാനം പുലർത്തിയിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷത്തിന് സർക്കാരിനെ വിമർശിക്കാനും ക്രിയത്മകായ നിർദേശങ്ങൾ നൽകാനും അവകാശമുണ്ട്. അത് പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാരുകൾ സ്വീകരിക്കുന്നത്. അറുപത്തിയാറു വർഷത്തെ കേരളം നിയമസഭയുടെ ചരിത്രം പരിശോധിച്ചാൽ മുപ്പത്തിനാല് അടിയന്തര പ്രമേയങ്ങളാണ് സഭ നിർത്തിവച്ചു ചർച്ച ചെയ്തത്. 1957 മുതൽ 2016 വരെ 24 അടിയന്തര പ്രമേയങ്ങൾ. 2016 ഇൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ വന്ന ശേഷമുള്ള ഈ ഏഴ് വർഷങ്ങളിൽ 10 അടിയന്തര പ്രമേയങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്തു. എന്നാൽ പ്രതിപക്ഷ നേതാവും ചില എംഎൽഎമാരും പറയുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ ജനാധിപത്യം അനുവദിക്കുന്നില്ല എന്ന്. ഈ വാദവും മേല്പറഞ്ഞ കണക്കും തമ്മിൽ എങ്ങനെ പൊരുത്തപ്പെടുമെന്നും മന്ത്രി ആരാഞ്ഞു.

2022ൽ കേരള നിയമസഭയ്ക്ക് ഒരു റെക്കോഡ് ഉണ്ട്. ഏറ്റവും കൂടുതൽ അടിയന്തര പ്രമേയം ചർച്ച ചെയ്തു എന്നതാണ് അത്. നാല് അടിയന്തര പ്രമേയങ്ങൾ ആണ് സഭ നിർത്തിവച്ചു ചർച്ച ചെയ്തത്. എന്നാൽ കോൺഗ്രസിന്റെ ലക്‌ഷ്യം അജണ്ട മാറ്റുകയും കോൺഗ്രസിനകത്തെ ആഭ്യന്തര പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാതെ ഇരിക്കലും ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Min­is­ter Muhammed Riyas on Oppo­si­tion’s stand

You may also like this video

Exit mobile version