Site icon Janayugom Online

ലൈഫില്‍ അര്‍ഹരായ മുഴുവന്‍ പേരുമുണ്ടാവും : മന്ത്രി എം വി ഗോവിന്ദന്‍

ലൈഫ് പദ്ധതിയിലെ അപേക്ഷകള്‍ നേരിട്ട് പരിശോധിച്ച് വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍പട്ടിക പ്രസിദ്ധീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. അര്‍ഹരായ മുഴുവന്‍ പേരേയും ഉള്‍പ്പെടുത്തുന്നുവെന്നും അനര്‍ഹരായ ഒരാള്‍ പോലും ഉള്‍പ്പെട്ടിട്ടില്ല എന്നും ഉറപ്പുവരുത്തുവാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഭൂരഹിത ഭവനരഹിതരും ഭൂമിയുള്ള ഭവന രഹിതരും ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളില്‍ സുതാര്യവും നീതിപൂര്‍വവുമായി നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലൂടെ പുതിയതായി ലഭിച്ച അപേക്ഷകളുടെ അര്‍ഹതാ പരിശോധനാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 


ഇതുംകൂടി വായിക്കാം;ലൈഫ് പദ്ധതിയിൽ ഇക്കൊല്ലം 88,000 വീടുകൾ കൂടി നിർമ്മിക്കും


 

അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് വി ഇ ഒമാരെയാണ് ചുമതലപ്പെടുത്തിയിരുന്നതെങ്കിലും തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ അഭിപ്രായം മാനിച്ച് കൂടുതല്‍ പരിശോധന ഉദ്യോഗസ്ഥരെ നിയോഗിക്കാമെന്ന് മന്ത്രി അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റുമാര്‍ തുടങ്ങി ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് അപേക്ഷ പരിശോധനക്കായി നിയോഗിച്ചിരിക്കുന്നത്.തദ്ദേശസ്ഥാപനങ്ങളില്‍ ഇതിനോടകം ആരംഭിച്ചിട്ടുള്ള കടുംബശ്രീ ഒക്‌സിലറി ഗ്രൂപ്പുകളുടെ രൂപീകരണം, അതിദാരിദ്ര്യമനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍, വാതില്‍പ്പടി സേവന പദ്ധതി, മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള സര്‍വേ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളും ഉന്നയിച്ച വിഷയങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ വകുപ്പ് സെക്രട്ടറിക്കും, കളക്ടര്‍മാര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി

നവ കേരളം കര്‍മ്മപദ്ധതി ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി ബി നൂഹ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
eng­lish sum­ma­ry; Min­is­ter MV Govin­dan mas­ter talks about ker­ala life mission
you may also like this video;

Exit mobile version