Site iconSite icon Janayugom Online

ആശാ വര്‍ക്കര്‍മാരുടെ ആവശ്യത്തോട് അനുകൂലമായ സമീപനമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഉയര്‍ന്ന ഓണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആശാ പദ്ധതി പ്രകാരമാണ് ആശാവര്‍ക്കര്‍മാരെ 2007 മുതല്‍ നിയമിച്ചത്. അവരെ ഏതെങ്കിലും സ്ഥാപനത്തില്‍ സ്ഥിരം ജോലിയായല്ല നിയമിക്കുന്നത്. വിവിധ സ്കീമുകള്‍ പ്രകാരമുള്ള ആരോഗ്യ സേവനത്തിനായാണ് അവരെ നിയോഗിക്കുന്നത്. അതിനാല്‍ അവര്‍ക്ക് സ്ഥിരം ശമ്പളമല്ല നല്‍കുന്നത്. മറിച്ച് ആരോഗ്യ സേവനങ്ങള്‍ക്കുള്ള ഇന്‍സെന്റീവായിട്ടാണ് ഓരോ മാസവും നല്‍കുന്നത്.

ആശാവര്‍ക്കര്‍മാര്‍ക്ക് 7,000 രൂപ മാത്രമാണ് കിട്ടുന്നതെന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്. അത് തികച്ചും അടിസ്ഥാനരഹിതമാണ്. ടെലഫോണ്‍ അലവന്‍സ് ഉള്‍പ്പെടെ 13,200 രൂപ വരെ ആശാപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ മാത്രം മാസം തോറും 7,000 രൂപയാണ് ഓണറേറിയം നല്‍കുന്നത്. 2016ന് മുമ്പ് ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ മാത്രം ആയിരുന്നു. അതിനുശേഷം ഘട്ടംഘട്ടമായാണ് ഓണറേറിയം 7,000 രൂപ വരെ വര്‍ധിപ്പിച്ചത്. ഏറ്റവും അവസാനമായി 2023 ഡിസംബറില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 1,000 രൂപ വര്‍ധിപ്പിച്ചു. ഈ 7,000 രൂപ കൂടാതെ 60:40 എന്ന രീതിയില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് 3,000 രൂപ പ്രതിമാസ നിശ്ചിത ഇന്‍സെന്റീവും നല്‍കുന്നുണ്ട്. ഇതുകൂടാതെ ഓരോ ആശാപ്രവര്‍ത്തകയും ചെയ്യുന്ന സേവനങ്ങള്‍ക്കനുസരിച്ച് വിവിധ സ്കീമുകളിലൂടെ 3,000 രൂപ വരെ മറ്റ് ഇന്‍സെന്റീവുകളും ലഭിക്കും. കൂടാതെ പ്രതിമാസം 200 രൂപ ടെലിഫോണ്‍ അലവന്‍സും നല്‍കിവരുന്നുണ്ട്. ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവും ഓണറേറിയവും കൃത്യമായി ലഭിക്കാന്‍ ആശാ സോഫ്റ്റ്‌വേര്‍ വഴി അതത് വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക നല്‍കിവരുന്നത്.

2023–24 സാമ്പത്തിക വര്‍ഷത്തില്‍ ആശമാര്‍ക്കുള്ള കേന്ദ്ര വിഹിതം ലഭിക്കാതെയിരുന്നിട്ട് കൂടി എല്ലാ മാസവും കൃത്യമായി ആശമാരുടെ ഇന്‍സെന്റീവുകള്‍ സംസ്ഥാന വിഹിതം ഉപയോഗിച്ച് വിതരണം ചെയ്തിരുന്നു. ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാനായി ആരോഗ്യ മന്ത്രി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കിയുള്ള രണ്ട് മാസത്തെ ഓണറേറിയം നല്‍കാനുള്ള ഉത്തരവിറങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണ്. അതേസമയം കര്‍ണാടകയും മഹാരാഷ്ട്രയും 5,000 രൂപയും, മധ്യപ്രദേശും പശ്ചിമ ബംഗാളും 6,000 രൂപയുമാണ് നല്‍കുന്നത്.

Exit mobile version