‘തങ്ങളെ കേൾക്കാൻ മുതിർന്നവർ സമയം കണ്ടെത്തുന്നതാണ് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം ’ മന്ത്രി വീണാ ജോർജിന് മുൻപിൽ നിന്ന് ‘കുട്ടി പ്രസിഡന്റ്’ നന്മ എസ് പറഞ്ഞു. അതോടെ മുഴുവൻ കുരുന്നുകളുടെയും വാക്കുകൾക്ക് കാതോർക്കാൻ സമയം കണ്ടെത്താമെന്ന് ഉറപ്പ് നൽകി വനിതാ ‑ശിശുക്ഷേമ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാനതല ശിശുദിനാഘോഷ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് കുട്ടികളുടെ വാക്കുകൾക്ക് കാതോർക്കാൻ മുതിർന്നവർ സമയം കണ്ടെത്തുന്നില്ലെന്ന പരാതി നന്മ പരോക്ഷമായി അവതരിപ്പിച്ചത്. ഇതിന് ഉടനടി മന്ത്രി പരിഹാരവും കണ്ടു. മാസത്തിൽ രണ്ടു തവണ കുട്ടികൾക്ക് മന്ത്രിയോട് സംസാരിക്കാൻ അവസരം ലഭിക്കും. കുട്ടികളുടെ പ്രയാസങ്ങൾ, പരാതികൾ, ആശയങ്ങൾ തുടങ്ങിയവയെല്ലാം പങ്കുവയ്ക്കാം. 15 ദിവസത്തിലൊരിക്കൽ എന്ന രീതിയിലാണ് കുട്ടികൾക്ക് മന്ത്രിയോട് സംസാരിക്കാൻ അവസരം ലഭിക്കുക.
കുട്ടികളുടെ പ്രസംഗങ്ങൾ സമൂഹത്തിലെ വിവിധ സംഭവ വികാസങ്ങളിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. ലഹരി ഉപഭോഗം, അന്ധവിശ്വാസം, അനാചാരം എന്നിവ തുടച്ചുനീക്കി ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നതിനുള്ള നീക്കങ്ങളാണ് കുട്ടികളുടെ വികസനത്തിന് അനിവാര്യമെന്നതായിരുന്നു പ്രസംഗത്തിന്റെ ചുരുക്കം. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ ജയപാൽ മുഖ്യമന്ത്രിയുടെ കുട്ടികൾക്കുള്ള സന്ദേശം വേദിയിൽ വായിച്ചു. ‘കൈകോർക്കാം ലഹരിക്കെതിരെ’ എന്ന സന്ദേശത്തോടെ പുറത്തിറക്കിയ ഈ വർഷത്തെ ശിശുദിന സ്റ്റാമ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു.
സ്റ്റാമ്പ് രൂപകൽപന ചെയ്ത ബാലരാമപുരം നസ്രേത്ത്ഹോം സ്‌കൂളിലെ അക്ഷയ് ബി എ, വിഷയം തിരഞ്ഞെടുത്ത കണ്ണൂർ അണ്ടല്ലൂർ സീനിയർ സ്‌കൂളിലെ അശ്വിൻ കൃഷ്ണ എന്നിവരെ മന്ത്രി വേദിയിൽ ആദരിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി കവടിയാർ ക്രൈസ്റ്റ് നഗർ സ്‌കൂൾ വിദ്യാർത്ഥിനി മിന്ന രഞ്ജിത്, കുട്ടികളുടെ സ്പീക്കർ കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസിലെ ഉമ എസ്, സമ്മേളനത്തിന് സ്വാഗതമാശംസിച്ച ശിശുവിഹാർ യുപി സ്‌കൂളിലെ പാർവണേന്ദു പി എസ്, യോഗത്തിന് കൃതജ്ഞത പറഞ്ഞ കാർമൽ ഗേൾസ് എച്ച്എസ്എസിലെ ഗൗതമി എസ്, സ്വാഗത ഗാനമാലപിച്ച ദേവനന്ദൻ, കുട്ടികളുടെ പരിശീലകൻ പള്ളിപ്പുറം ജയകുമാർ എന്നിവരെയും ശിശുദിന റാലിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വെള്ളായണി ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളെയും മന്ത്രി അനുമോദിച്ചു. പരിപാടിയിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ വി മനോജ് കുമാർ പ്രസംഗിച്ചു.
English Summary:Minister’s assurance that find time to listen children
You may also like this video