Site iconSite icon Janayugom Online

എന്‍സിപിയിലെ മന്ത്രിസ്ഥാനം; നാളെ മുംബൈയിൽ നിർണായക ചർച്ച

എന്‍സിപിയിലെ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എംഎല്‍എ എന്നിവരെ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിച്ചു. നാളെ മുംബൈയില്‍ നിര്‍ണായക ചര്‍ച്ച നടക്കും. രണ്ട് വർഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രിസ്ഥാനം പാർട്ടി പറഞ്ഞാൽ ഒഴിയുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ല. തോമസ് കെ തോമസ് മാത്രമല്ല പാർട്ടിയിലെ എല്ലാവരും മന്ത്രിമാരാകാൻ യോഗ്യരായ നേതാക്കളാണെന്നും എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു. എൻസിപിയിലെ മന്ത്രിസ്ഥാന തർക്കത്തിൽ പുതിയ തന്ത്രവുമായി എ.കെ ശശീന്ദ്രൻ വിഭാ​ഗം രംഗത്തെത്തുമെന്നാണ് സൂചന. 

പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാർ ആവശ്യപ്പെട്ടാൽ മന്ത്രി സ്ഥാനം ഒഴിയാനും പകരം സംസ്ഥാന പ്രസിഡന്റ് പദവി ആവശ്യപ്പെടാനുമാണ് നീക്കം. പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്നാണ് എ കെ ശശീന്ദ്രന്റെ പ്രതികരണം. ശരത് പവാർ ക്ഷണിച്ചിട്ടാണ് നാളെ മുംബൈക്ക് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനം സംബന്ധിച്ച് തോമസ് കെ തോമസ് ആവശ്യം ശക്തമാക്കിയിട്ടുണ്ട്. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാനാണ് എൻസിപി ആലപ്പുഴ ജില്ലാ ഘടകത്തിന്റെ നീക്കം. ഈ മാസം 30നകം മന്ത്രിസ്ഥാനത്തിൽ തീരുമാനം വേണമെന്ന നിലപാടിലാണ് തോമസ് കെ തോമസ് വിഭാഗം. രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിൽ തനിക്ക് മന്ത്രിസ്ഥാനം ലഭ്യമാകണമെന്നും മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നു. പിസി ചാക്കോയും തോമസ് കെ തോമസിനെ പിന്തുണയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസ്ഥാന മാറ്റവുമായി ബന്ധപ്പെട്ട് തോമസ് കെ തോമസ് മുഖ്യമന്ത്രിയെയും കണ്ടിരുന്നു.

Exit mobile version