Site iconSite icon Janayugom Online

കര്‍ണാടകയിലെ വോട്ടര്‍പട്ടികയില്‍ നിന്ന് ക്രിസ്റ്റ്യന്‍-മുസ്ലിം വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കി

കർണാടകയിലെ വോട്ടർപ്പട്ടികയിൽ നിന്ന് ആയിരത്തിലധികം മതന്യൂനപക്ഷത്തില്‍പ്പെട്ടവരുടെ പേര് ഒഴിവാക്കി. ക്രിസ്റ്റ്യന്‍, മുസ്ലിം വിഭാഗങ്ങളില്‍ ഉള്ളവരെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. മെയ് മാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സർക്കാരിന്റെ നടപടി. ഇതിനെതിരെ കത്തോലിക്കാ നേതാക്കൾ രംഗത്തുവന്നു. തങ്ങളെ വോട്ടർപട്ടികയിൽ നിന്ന് നീക്കിയത് ബിജെപിക്ക് അധികാരം നിലനിർത്താനുള്ള തന്ത്രമാണെന്ന് ഇവര്‍ പറഞ്ഞു. 9,195 പേരുടെ വിവരങ്ങളാണ് പട്ടികയിൽ നിന്ന് നീക്കിയിരിക്കുന്നത്.

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത സർക്കാർ നടപടിയുമായി ബന്ധപ്പെട്ട് അതിരൂപത സംഘം കർണാടക ചീഫ് ഇലക്ടോറൽ ഓഫീസർക്ക് നിവേദനം നല്‍കി. ഒഴിവാക്കിയ 9,195 പേരിൽ 8,000ത്തോളം പേർ ക്രിസ്ത്യൻ‑മുസ്ലിം വിഭാഗത്തിൽപ്പെടുന്നവരാണെന്നും ഇതിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം പ്രവർത്തികൾ വോട്ടെടുപ്പിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കുമെന്നും അതിരൂപത പറഞ്ഞതായി യൂണിയൻ ഓഫ് കത്തോലിക് ഏഷ്യ ഗ്രൂപ്പ് റിപ്പോർട്ട് ചെയ്തു. വോട്ടർപട്ടികയിൽ നിന്നും ആയിരക്കണക്കിന് പേരുടെ പേര് വിവരങ്ങൾ നീക്കം ചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്ന് ശിവജിനഗർ മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി റിസ്വാൻ അർഷാദ് പ്രതികരിച്ചു.

 

Eng­lish Sam­mury: minor­i­ty vot­ers removed from voter’s list in karnataka

Exit mobile version