തപാൽവകുപ്പ് കുടുംബശ്രീ പ്രസ്ഥാനവുമായി കൈകോർത്താൽ തപാൽ സേവനത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്ന് സംസ്ഥാനത്തെ പോസ്റ്റൽ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പോസ്റ്റൽ സേവനങ്ങൾ കൂടുതൽ പേരിലേക്ക് എത്താനും സ്വകാര്യ കൊറിയർ കമ്പനികളുടെ ചൂഷണം തടയാനും ഇതു സഹായിക്കും. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഏജന്റുമാരായി കുടുംബശ്രീ അംഗങ്ങളെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ചീഫ് പി.എം.ജി ഷൂലി ബർമൻ, പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ തുടങ്ങിയവരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്.
കാർഷിക ഉത്പന്നങ്ങളുടെ നീക്കം തപാൽവകുപ്പ് കെ.എസ്.ആർ.ടി.സിയുടെ സഹായത്തോടെ നടത്തുന്നത് സംബന്ധിച്ച് കൃഷി വകുപ്പുമായി കരാറിൽ ഏർപ്പെടുന്നതിന്റെ സാധ്യതകൾ പരിശോധിക്കും. ഫാർമസി മേഖലയിൽ ലോജിസ്റ്റിക്‌സ് നടപ്പാക്കാൻ തപാൽ വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടു. പാഴ്‌സൽ നീക്കങ്ങൾ സുഗമമാക്കാൻ സംസ്ഥാനത്ത് പാഴ്‌സൽ ഹബ്ബുകൾ സ്ഥാപിക്കുന്നതിന് തപാൽ വകുപ്പിന് പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.
തപാൽ വകുപ്പുമായി ചേർന്ന് പാഴ്‌സൽ സർവീസ് കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത കെ.എസ്.ആർ.ടി.സി ചീഫ് ട്രാഫിക് ഓഫീസർ സി. ഉദയകുമാർ വ്യക്തമാക്കി. തപാൽ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിക്ക് കൈവശാവകാശ രേഖ ലഭ്യമാക്കാനുളള നടപടികൾ ത്വരിതപ്പെടുത്താമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ രഘുരാമനും ചർച്ചയിൽ പങ്കെടുത്തു.
English Summary : minsiter v abdurahiman on combining postal department and kudumbasree
You may also like this video :