Site iconSite icon Janayugom Online

സ്വകാര്യബസ് ജീവനക്കാരുടെ മോശം പെരുമാറ്റം: നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

Private busPrivate bus

സ്വകാര്യ ബസുകളില്‍ സ്ത്രീ യാത്രക്കാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ നടപടിവരുന്നു. പണം കൊടുത്ത് യാത്ര ചെയ്യുമ്പോഴും സ്വകാര്യബസുകളിൽ സ്ത്രീകൾക്ക് ലഭിക്കുന്നത് ചീത്തവിളിയും മോശം പെരുമാറ്റവുമാണ്. ഇത് സംബന്ധിച്ച പരാതികളുടെ എണ്ണം കൂടിയതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടികള്‍ കര്‍ശനമാക്കുന്നത്. മോശമായി പെരുമാറിയ മൂന്ന് സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് ഇതിനോടകം മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. പല തവണ താക്കീത് ചെയ്തിട്ടും വീണ്ടും പരാതി ലഭിച്ചതോടെയാണ് ലൈസൻസ് റദ്ദാക്കിയത്. സംസ്ഥാനത്ത് ഇത്തരത്തിൽ ഏറ്റവും കൂടുതൽ പരാതി ലഭിക്കുന്നത് ജില്ലയിലാണെന്നും അധികൃതര്‍ പറയുന്നു.

ജീവനക്കാർക്ക് പുറമേ യാത്രക്കാരിൽ നിന്നും മോശം പെരുമാറ്റം കൂടിവരുന്നതായുള്ള നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്നത്. രാത്രിയില്‍ സ്ത്രീകൾ പറയുന്ന സ്ഥലത്ത് ഇറക്കണമെന്ന നിയമം പോലും പാലിക്കുന്നില്ലെന്നും ആവശ്യം ഉന്നയിച്ചാൽ മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. മാത്രമല്ല, എടീ, പോടി തുടങ്ങിയ പദങ്ങളാണ് പലപ്പോഴും ഉപയോഗിക്കുന്നത്. സ്ത്രീകൾ യാത്രാ ടിക്കറ്റ് ചോദിച്ചാൽ കൊടുക്കാത്ത സാഹചര്യവുമുണ്ട്.
വിദ്യാർത്ഥിനികൾക്ക് നേരെയും മോശം പെരുമാറ്റമാണ്. ഇതില്‍ ലൈംഗികാതിക്രമങ്ങളും ഉള്‍പ്പെടും. രാവിലെയും വൈകീട്ടുമുള്ള സമയങ്ങളിലാണ് മോശം പെരുമാറ്റം കൂടുതൽ. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബസുകളിൽ പരിശോധനകളും മറ്റും നടന്നു വരികയാണ്. സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ മറ്റുള്ളവർ ഇരുന്നാൽ മാറ്റിയിരുത്താൻ പോലും പല ജീവനക്കാരും ശ്രമിക്കാറില്ലെന്നും പറയുന്നു. അതേസമയം നല്ല രീതിയിൽ പെരുമാറുന്ന വലിയൊരു വിഭാഗം ജീവനക്കാരുണ്ട്. 

എന്നാൽ ചിലർ നടത്തുന്ന പ്രവൃത്തികൾ എല്ലാവരെയും ബാധിക്കുമെന്ന് ബസ് ജീവനക്കാർ പറയുന്നു. അതേസമയം, മുമ്പ് ഓട്ടോക്കാർക്കെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നെങ്കിലും ഇപ്പോൾ അവരുടെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള പെരുമാറ്റം സംബന്ധിച്ച പരാതി വളരെ ചുരുക്കമാണെന്നും അധികൃതർ പറയുന്നു.

Eng­lish Sum­ma­ry: Mis­be­hav­ior by pri­vate bus staff: Motor vehi­cle depart­ment to take action

You may also like this video

Exit mobile version