തെക്കൻ ഇറാാനിലെ മിനാബ് നഗരത്തിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി ഉയർന്നതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ ആർ എൻ എ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ 60 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ സ്കൂളിന് നേരെ ഇസ്രായേൽ നേരിട്ട് ആക്രമണം നടത്തുകയായിരുന്നുവെന്ന് നഗരസഭാ ഉദ്യോഗസ്ഥനായ മുഹമ്മദ് രാദ്മെഹർ വ്യക്തമാക്കി.
ആക്രമണം നടക്കുമ്പോൾ സ്കൂളിനുള്ളിൽ 170 വിദ്യാർത്ഥിനികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. മിനാബിലെ റെവല്യൂഷണറി ഗാർഡ് താവളം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കിടയിലാണ് സ്കൂളിന് നേരെയും മിസൈലുകൾ പതിച്ചത്. ഇസ്രായേൽ‑യുഎസ് സംയുക്ത സൈനിക നീക്കത്തിനിടെ സിവിലിയന്മാർ കൊല്ലപ്പെടുന്ന ഏറ്റവും ദാരുണമായ സംഭവമായി ഇത് മാറിയിരിക്കുകയാണ്.

