Site iconSite icon Janayugom Online

ഇസ്രയേലിന് മിസൈല്‍ ക്ഷാമം

ഒരു വര്‍ഷത്തിലധികമായി തുടരുന്ന യുദ്ധത്തിന് പിന്നാലെ ഇസ്രയേലിന് വ്യോമ പ്രതിരോധ മിസൈലുകളുടെ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു സർക്കാര്‍ യുഎസിൽ നിന്ന് കൂടുതല്‍ സഹായം തേടിയിട്ടുണ്ടെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലില്‍ മിസൈൽ വിരുദ്ധ സംവിധാനമായ താഡ് വിന്യസിക്കുമെന്ന് യുഎസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഹമാസ്, ഹിസ്ബുള്ള. ഹൂതി ആക്രമണങ്ങള്‍ ഇസ്രയേലിന് നേരിടേണ്ടിവരുന്നുണ്ട്. ഈ മാസം ആദ്യം ഇറാൻ ഇസ്രയേലിനുനേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഇസ്രയേലിനെതിരായ ഇറാന്റെ രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്.

180 ലധികം മിസൈലുകളാണ് ഇറാനില്‍ നിന്നും ഇസ്രയേലിലേക്ക് തൊടുത്തത്. ഇതിലേറിയ പങ്കും ഇസ്രയേലി വ്യോമപ്രതിരോധം നിര്‍വീര്യമാക്കിയെങ്കിലും കുറെ മിസൈലുകള്‍ ജനവാസമേഖലകളില്‍ പതിച്ചു. കടുത്ത മിസൈല്‍ വര്‍ഷത്തിന് മുന്നില്‍ പേരുകേട്ട ഇസ്രയേല്‍ വ്യോമപ്രതിരോധം പതറുന്നതും കാണാനായി. ഇതിന് പിന്നാലെയാണ് മിസൈല്‍ പ്രതിരോധത്തിനായി യുഎസിന്റെ സഹായം തേടിയിരിക്കുന്നത്. അതേസമയം ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ആക്രമിക്കില്ലെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയ്ക്ക് ഉറപ്പുനല്‍കിയതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു.

കൂടുതല്‍ സൈനിക സഹായങ്ങള്‍ നല്‍കുമെന്ന യുഎസ് ഉറപ്പാണ് നെതന്യാഹുവിന്റെ നിലപാട് മയപ്പെടുത്തിയത്. ഇറാന്റെ സൈനിക താവളങ്ങള്‍ ലക്ഷ്യം വച്ചുള്ള ആക്രമണമാകും നടത്തുകയെന്ന് നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമെന്നും, എന്നാല്‍ അന്തിമ തീരുമാനം രാജ്യതാല്പര്യം മുൻ നിർത്തിയാകുമെന്നും ഇസ്രയേലി പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. അതേസമയം, വൈറ്റ് ഹൗസ് പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, എണ്ണപ്പാടങ്ങള്‍ എന്നിവ ആക്രമിച്ചാല്‍ ആഗോള തലത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇറാനിയൻ എണ്ണ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയാല്‍ ഊർജ വില കുതിച്ചുയരാൻ ഇടയാക്കും. ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം പശ്ചിമേഷ്യയിലെ രണ്ട് വൻശക്തികള്‍ തമ്മില്‍ തുറന്ന യുദ്ധത്തിന് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. അതിനാല്‍ ഇത്തരം നീക്കം ഒഴിവാക്കണമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണം അമേരിക്കയില്‍ വോട്ടെടുപ്പ് നടക്കുന്ന നവംബർ അഞ്ചിന് മുമ്പ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

Exit mobile version