Site iconSite icon Janayugom Online

കാണാതായ അലാസ്‌കന്‍ വിമാനം കണ്ടെത്തി; വിമാനത്തിലുണ്ടായിരുന്ന പത്ത് പേരും മരിച്ചു.

കാണാതായ അലാസ്‌കന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ യുഎസ് കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി. നോമില്‍ നിന്ന് ഏകദേശം 34 മൈല്‍ തെക്കുകിഴക്കായി കടലില്‍ തകര്‍ന്ന നിലയിലയിലായിരുന്നു വിമാനത്തെ കണ്ടത്. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും ഏഴുപേരുടെ മൃതദേഹങ്ങള്‍ വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയാണെന്നും യു എസ് സി ജി ലെഫ്റ്റനന്റ് കമാന്‍ഡര്‍ മൈക്ക് സലെര്‍ണോ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉനലക്ലീറ്റില്‍ നിന്ന് നോമിലേക്കുള്ള യാത്രാമധ്യേ ഒമ്പത് യാത്രക്കാരും ഒരു പൈലറ്റുമായി സഞ്ചരിച്ചിരുന്ന ‘സെസ്‌ന 208 ബി ഗ്രാന്‍ഡ് കാരവന്‍’ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. എട്ട് ദിവസത്തിനുള്ളില്‍ യുഎസില്‍ സംഭവിക്കുന്ന മൂന്നാമത്തെ വലിയ വ്യോമയാന അപകടമാണിത്. ജനുവരി 29 ന് വാഷിംഗ്ടണ്‍ ഡിസിക്ക് സമീപം ഒരു വാണിജ്യ ജെറ്റ്‌ലൈനറും ആര്‍മി ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 67 പേര്‍ മരിച്ചു. ജനുവരി 31 ന് ഫിലാഡല്‍ഫിയയില്‍ ഒരു മെഡിക്കല്‍ ഗതാഗത വിമാനം തകര്‍ന്നുവീണ് ഏഴ് പേരും മരിച്ചിരുന്നു.

Exit mobile version