Site iconSite icon Janayugom Online

കാണാതായ കോളജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍: വിദ്യാര്‍ത്ഥിയെ കൊന്ന് കുഴിച്ചുമൂടിയത് സഹപാഠികള്‍

studentstudent

നോയിഡയില്‍ നിന്ന് കാണാതായ കോളജ് വിദ്യാർത്ഥി കൊല്ലപ്പെട്ട നിലയില്‍. കാണാതായ വിദ്യാര്‍ത്ഥിക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് കൊന്ന് കുഴിച്ചുമൂടിയനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയെ സഹപാഠികള്‍തന്നെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോളജില്‍വച്ചുണ്ടായ വഴക്കിനെ തുടർന്നാണ് നാല് യുവാക്കൾ ചേര്‍ന്ന് സഹപാഠിയെ കൊലപ്പെടുത്തി മൃതദേഹം വയലിൽ കുഴിച്ചിട്ടതെന്നും പൊലീസ് വ്യക്തമാക്കി.

ബിസിനസുകാരന്റെ മകനും നോയിഡ ആസ്ഥാനമായുള്ള സർവകലാശാലയിലെ വിദ്യാർത്ഥിയുമായ യാഷ് മിത്തലിനെ തിങ്കളാഴ്ച മുതൽ ഹോസ്റ്റലിൽ നിന്ന് കാണാതായിരുന്നു. മകന്റെ മോചനത്തിന് പ്രതിഫലമായി 6 കോടി രൂപ ആവശ്യപ്പെട്ട് സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെ പിതാവ് ദീപക് മിത്തൽ സംഭവം പൊലീസിനെ അറിയിച്ചു.

കാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതില്‍നിന്ന്, ഫോണിൽ സംസാരിക്കുന്നതിനിടെ യാഷ് തിങ്കളാഴ്ച സർവകലാശാലയിൽ നിന്ന് പുറത്തുപോകുന്നതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് യാഷിന്റെ ഫോണിലെ കോൾ റെക്കോർഡുകളില്‍ നിന്ന് സുഹൃത്ത് രചിതിനെ പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍നിന്ന് മറ്റ് സുഹൃത്തുക്കളായ ശിവം, സുശാന്ത്, ശുഭം എന്നിവരുമായി യാഷ് പലപ്പോഴും പുറത്തുപോകാറുണ്ടെന്ന് പൊലീസ് കണ്ടെത്തി.

ഫെബ്രുവരി 26 ന് ഉത്തർപ്രദേശിലെ അംറോഹയിലെ ഗജ്‌റൗളയിലെ ഒരു വയലില്‍ സംഘടിപ്പിച്ച പാർട്ടിക്കിടെയുണ്ടായ വഴക്കിനുപിന്നാലെ നാലുപേരും ചേര്‍ന്ന് യാഷിനെ കൊന്ന് മൃതദേഹം കുഴിച്ചിടുകയായിരുന്നു. മറ്റ് പ്രതികളെ ദാദ്രിയിൽ വെച്ച് പൊലീസ് കണ്ടെത്തി. ഒരു പ്രതിയായ ശുഭം ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നതായി പൊലീസ് കൂട്ടിച്ചേർത്തു.യാഷിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മോചനദ്രവ്യ സന്ദേശങ്ങൾ അയച്ചതെന്ന് പ്രതികൾ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Miss­ing col­lege stu­dent mur­dered: Stu­dent killed and buried by classmates

You may also like this video

Exit mobile version