Site iconSite icon Janayugom Online

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി;നാല് പേര്‍ ഗോവയിലേക്ക് കടന്നതായി വിവരം ലഭിച്ചു

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി. മൈസൂരുവിലെ മാണ്ഡ്യയില്‍ വെച്ചാണ് രണ്ടാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സ്വകാര്യബസില്‍ നാട്ടിലേക്ക് വരുന്നതിനിടെയാണ് പെണ്‍കുട്ടി പോലീസ് പിടിയിലായത്.
പിടിയിലായ പെണ്‍കുട്ടി ടിക്കറ്റ് ബുക്കിങ്ങിന് നല്‍കിയത് അമ്മയുടെ നമ്പറാണ്. ബസ് ജീവനക്കാര്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് അമ്മ. തുടര്‍ന്ന് വിവരങ്ങള്‍ ബസ് ജീവനക്കാര്‍ പൊലീസിന് കൈമാറുകയായിരുന്നു. കാണാതായ ആറു പെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ ബംഗലൂരുവിലെ മഡിവാളയിലെ ഹോട്ടലില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതോടെ കാണാതായവരില്‍ രണ്ട് പേരെ കണ്ടെത്താനായി.

ഒപ്പമുണ്ടായിരുന്നവര്‍ ഗോവയ്ക്ക് പോയിട്ടുണ്ടാകാമെന്ന് പിടിയിലായ പെണ്‍കുട്ടി പറഞ്ഞു. ഇന്നലെ പിടികൂടിയ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു യുവാക്കളേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. രക്ഷപ്പെട്ട നാല് പെണ്‍കുട്ടികളും അധികം ദൂരമൊന്നും പോവാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
കയ്യില്‍ പണമില്ലാത്തതിനാല്‍ വഴിയില്‍ പരിചയപ്പെട്ടവരില്‍ നിന്ന് കടം വാങ്ങിയും മറ്റുമാണ് കുട്ടികളുടെ യാത്ര. ഇവരെ കണ്ടെത്താനും കണ്ടെത്തിയവരെ നാട്ടിലെത്തിക്കാനുമായി കേരള പൊലീസിന്റെ രണ്ട് സംഘങ്ങള്‍ ബംഗളൂരുവിലേക്ക് പോയിട്ടുണ്ട്.

ബംഗളൂരുവില്‍ പെണ്‍കുട്ടികള്‍ക്ക് രണ്ട് യുവാക്കളുടെ സഹായം ലഭിച്ചിരുന്നു. ഈ യുവാക്കളുടെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ക്ക് മഡിവാളയിലെ ഹോട്ടലില്‍ മുറി ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പെണ്‍കുട്ടികള്‍ വന്നപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. കാര്‍ഡ് കൈയിലില്ലെന്നും എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ കളവുപോയെന്നുമായിരുന്നു മറുപടി. ഇതോടെ ജീവനക്കാര്‍ക്ക് സംശയം തോന്നി. പൊലീസിനെയും മലയാളി സംഘടനാ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. ഇതിനിടെ പെണ്‍കുട്ടികള്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഗേറ്റ് അടച്ചെങ്കിലും അഞ്ചുപേര്‍ സമീപത്തെ മതില്‍ചാടി രക്ഷപ്പെടുകയായിരുന്നു.നാലു പെണ്‍കുട്ടികളെ കൂടി കണ്ടെത്താനുണ്ട്

Eng­lish Sum­ma­ry : One of the six girls who went miss­ing from the chil­dren’s home has been found
you may also like this video

Exit mobile version