Site iconSite icon Janayugom Online

കാണാതായ റഷ്യൻ വിമാനം ചൈന അതിർത്തിക്കടുത്ത് തകർന്ന നിലയിൽ; 49 മരണം

49 പേരുമായി പറന്ന റഷ്യന്‍ വിമാനം ചൈന അതിര്‍ത്തിയില്‍ തകര്‍ന്നു വീണു. സൈബീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അംഗാര എയര്‍ലൈനിന്റെ എഎന്‍-24 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. റഷ്യന്‍ നഗരമായ ടിന്‍ഡയിലേക്ക് പറക്കുകയായിരുന്ന വിമാനം കിഴക്കന്‍ റഷ്യയിലെ അമുര്‍ മേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഇടതൂർന്ന വനങ്ങളാലും ദുർഘടമായ ഭൂപ്രകൃതിയാലും ചുറ്റപ്പെട്ടതാണ് ഈ പ്രദേശം. പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ലാന്‍ഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായി. പിന്നീട് വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് റഷ്യന്‍ ഫെഡറേഷന്‍ ഫോര്‍ ട്രാന്‍സ്പോര്‍ട്ട് അറിയിച്ചു. 

Exit mobile version