Site iconSite icon Janayugom Online

കരുനാഗപ്പള്ളിയിൽ നിന്നു കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടി; കരൂർ സ്വദേശി പിടിയിൽ

കരുനാഗപ്പള്ളിയിൽ നിന്നു കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടി. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി (48)യെ ആണ് കഴിഞ്ഞ ആറാം തീയതി മുതല്‍ കാണാതായത്. വിജയലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രന്‍ എന്നയാളെ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയലക്ഷ്മിയെ കൊന്ന് വീടിനു സമീപത്തെ പറമ്പിൽ കുഴിച്ചുമൂടിയതായി ഇയാൾ പൊലീസിന് മൊഴി നൽകിയത്. തുടർന്ന് ജയചന്ദ്രനെയും കൊണ്ട് കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിലെ വീടിനു സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.

വിജയലക്ഷ്മിയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയത് ബന്ധുവാണ്. ജയചന്ദ്രനും ആയി വിജയലക്ഷ്മി അടുത്ത സൗഹൃദത്തിൽ ആയിരുന്നു. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്. യുവതിയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. 

കാണാതായ യുവതിയുടെ മൊബൈൽ ഫോൺ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ കെഎസ്ആർടിസി ബസിൽ നിന്നാണ് കണ്ടെത്തുന്നത്. കണ്ടക്ടറാണ് മൊബൈൽ ഫോൺ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കൈമാറിയത്. തുടര്‍ന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്.

Exit mobile version