Site iconSite icon Janayugom Online

മാന്നാറിൽ കാണാതായ യുവതിയെ കൊലപ്പെടുത്തി: നാലുപേർ കസ്റ്റഡിയിൽ

മാന്നാറിൽ 15 വർഷം മുമ്പു കാണാതായ കലയെന്ന യുവതി കൊല്ലപ്പെട്ടതായി സ്ഥീരികരണം. ചെന്നിത്തല തൃപ്പെരുന്തുറ ഐക്കര മുക്ക് മീനത്തേതിൽ വീട്ടിൽ ശ്രീകലയാണ് (കല) കൊല്ലപ്പെട്ടതായി പുറത്ത് വന്നത്. കലയെ കൊന്നു സെപ്റ്റിക് ടാങ്കിൽ മറവുചെയ്തെന്ന് പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പക്ഷേ അതു കലയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല. സംഭവത്തിൽ മുൻ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളായ പ്രമോദ്, ജിനു ഗോപി, സന്തോഷ് ശാരദാലയം, സോമരാജൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കലയും ഭർത്താവ് അനിലും പ്രണയിച്ച് വിവാഹിതരായവരാണ്. കല്യാണം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം അനിൽ വിദേശത്ത് ജോലിക്ക് പോയി. ഇതിനിടെ മറ്റൊരാളുമായി കല പ്രണയത്തിലാണെന്നറിഞ്ഞ ഭർത്താവ് തിരികെ നാട്ടിലെത്തി സ്നേഹപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ഭാര്യയെ കാണാനില്ലെന്ന പരാതിയും അനിൽ മാന്നാർ പൊലീസ് സ്റ്റേഷനിൽ നൽകിയിരുന്നു. 2009 ലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോൾ മൂന്നു മാസമായി അനിൽ ഇസ്രയേലിൽ ജോലിയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.
മൂന്നുമാസം മുമ്പ് ജില്ലാ പൊലീസ് മേധാവിക്ക് ഒരു ഊമക്കത്ത് ലഭിച്ചിരുന്നു. കത്തിൽ പറയുന്ന കാര്യങ്ങൾ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ അമ്പലപ്പുഴ പൊലീസിന് കൈമാറി. അമ്പലപ്പുഴ ഡിവൈഎസ‌്പി കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഒരാഴ്ച കാലയളവിൽ തെളിവുകൾ ശേഖരിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലായ ജിനു ഗോപിയുമായി അന്വേഷണ സംഘം വീട്ടിലെത്തി. 

മാവേലിക്കര തഹസിൽദാർ പി ഡി സുരേഷ് കുമാറിന്റെ സാന്നിധ്യത്തിൽ വീടിനു സമീപത്തുള്ള പഴയ സെപ്റ്റിക് ടാങ്ക് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തുറന്ന് വിശദമായ പരിശോധന നടത്തി.
അന്വേഷണത്തിൽ ചെറിയ രണ്ടു അസ്ഥി കഷണങ്ങളും അടി വസ്ത്രങ്ങളുടെ ഭാഗവും കണ്ടെത്തി. ഫോറൻസിക് പരിശോധന നടത്തിയാൽ മാത്രമെ മരിച്ച കലയുടെ അസ്ഥിയാണോയെന്ന് സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് പറഞ്ഞു.
അസിസ്റ്റന്റ് പൊലീസ് സർജൻ ഡോ. നിധിൻ, മെഡിക്കൽ കോളജ് ഫോറൻസി വിഭാഗത്തിലെ ഡോ. നിധിൻ സാം മാത്യു, ഡോ. സരിത, ഡോ. പൂജ, ഡോഗ് സ്‌കോഡ് സംഘം എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂർ ഡിവൈ എസ്‌പി കെഎൻ രാജേഷ്, എസ്എച്ച്ഒമാരായ പ്രതീഷ്, ബി രാജേന്ദ്രൻ പിള്ള, എസ് ബിജോയി, എസ്ഐ സന്തോഷ്, എഎസ് ഐ സുധീർ, സിപിഒമാരായ സിദ്ധിക്ക്, ഹരി, വിപിൻദാസ്, ടോണി, സുജിമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Eng­lish Sum­ma­ry: Miss­ing woman mur­dered in Man­nar: Four in custody

You may also like this video

Exit mobile version