Site icon Janayugom Online

മൂടല്‍മഞ്ഞില്‍ പൊതിഞ്ഞ പൊന്മുടി കാണാം; റോഡ് തുറക്കുന്നു

തലസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊന്മുടിക്കുള്ള റോഡ്‌ തുറക്കുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മാസം കനത്ത മഴഴും മണ്ണിടിച്ചിലും മൂലം പൊന്മുടിയിലേക്കുള്ള റോഡ് പന്ത്രണ്ടാം മൈലിനുസമീപം പൂര്‍ണമായും തകര്‍ന്നതിനാല്‍ യാത്രക്കാരെ കടന്നുപോകാന്‍ അനുവദിച്ചിരുന്നില്ല.

ആദ്യമുണ്ടായ മണ്ണിടിച്ചിലില്‍ റോഡിന്‍റെ അറ്റകുറ്റപ്പണി നടത്തവേ രണ്ടാമതും മണ്ണിടിയുകയായിരുന്നു. തുടര്‍ന്ന് പൊന്മുടി ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായി. സെപ്റ്റംബര്‍ 18 ന് ഡി കെ മുരളി എംഎല്‍എയോടൊപ്പം മന്ത്രി മുഹമ്മദ്‌ റിയാസ്‌ പൊന്മുടിയിലെത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. റോഡ് പണിപൂര്‍ത്തിയാക്കി ഡിസംബറില്‍ തന്നെ പൊന്മുടി തുറന്നുകൊടുക്കാനായിരുന്നു അന്ന് തീരുമാനിച്ചത്.

മണ്ണിടിഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തി പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. റോഡ് വികസന പ്രവൃത്തികള്‍ തുടരുന്നതിനാല്‍ നിയന്ത്രണങ്ങളോടെ മാത്രമേ സഞ്ചാരികള്‍ക്ക് പൊന്‍മുടിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു. നിയന്ത്രണങ്ങളോടെ റോഡ് തുറക്കാമെന്ന കെഎസ്‌ടിപിയുടെ നിര്‍ദ്ദേശം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്. അത് പ്രകാരം പൊന്മുടി റോഡ് സഞ്ചാരികള്‍ക്കായി തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മൂടല്‍മഞ്ഞില്‍ പൊതിഞ്ഞുനില്‍ക്കുന്ന പൊന്മുടിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കിനി ധൈര്യമായി എത്താം.

Eng­lish Summary:mist in pon­mu­di; The road opens
You may also like this video

Exit mobile version