Site iconSite icon Janayugom Online

മരണത്തില്‍ നിന്നും കൈപിടിച്ച് ഉയര്‍ത്തിയ മന്ത്രിയെ കാണാന്‍ മിഥിന്‍ എത്തി

മരണത്തില്‍ നിന്നും കൈപിടിച്ച് ഉയര്‍ത്തിയ മന്ത്രിയെ കാണാന്‍ മിഥിന്‍ മധുരവുമായെത്തി. കുമാരപുരം ഗ്രാമപഞ്ചായത്തിലെ കരാർ ജീവനക്കാരനായ എരിക്കാവ് മിന്നാരം വീട്ടിൽ മുരളീധരന്റെയും മിനിയുടെയും മകനായ മിഥിൻ മുരളീധരൻ (29) ആണ് കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ കാണാൻ കഴിഞ്ഞ ദിവസം ഹരിപ്പാട് എത്തിയത്.

കോവിഡ് ബാധിതൻ ആയിരിക്കെ സെപ്റ്റംബർ 30ന് രാത്രിയിൽ മിഥിന് ശാരീരിക അവശതകൾ കൂടുകയും അപസ്മാര ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തതിനെ തുടർന്ന് ബന്ധുക്കൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. ഇവിടുത്തെ പരിശോധനയിൽ മിഥുന് തലച്ചോറിൽ അണുബാധയെ തുടർന്ന് മെനിഞ്ചൈറ്റിസ് രോഗം മൂർച്ഛിച്ചതായി കണ്ടെത്തി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അത്. അടുത്തദിവസം പുലർച്ചെ ബന്ധുക്കൾ മിഥിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ കാര്യമായ മാറ്റം ഒന്നുമില്ലെന്നും പൂർണ്ണമായും ഓർമ്മ നഷ്ടപ്പെട്ടുവെന്നും തലച്ചോറിലെ അണുബാധ പൂർണമായി എന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

മരിക്കുമെന്ന് ഏതാണ്ട് ഉറപ്പാക്കി വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കളെയും നാട്ടുകാരും സഹപ്രവർത്തകരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചിരുന്ന വേളയിൽ കുമാരപുരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ് സുരേഷ് കുമാർ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ വിവരമറിയിക്കുകയും മന്ത്രി പത്തനംതിട്ടയിലെ പരിപാടികൾ റദ്ദാക്കി അടിയന്തരമായി ആശുപത്രിയിൽ എത്തിച്ചേരുകയും ചെയ്തു. അത്യാസന്ന നിലയിലുള്ള രോഗികൾക്ക് ചികിത്സ നൽകുന്ന വിദഗ്ധ ഡോക്ടർമാരുടെ സംഘവുമായി ചർച്ചനടത്തുകയും ഇതിനെ തുടര്‍ന്ന് ചികിത്സാരീതിയിൽ ഗണ്യമായ മാറ്റം വരുത്തുകയും ചെയ്തു.

അടുത്ത ദിവസം തന്നെ മിഥുനിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. മന്ത്രി എല്ലാദിവസവും ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും വേണ്ട സഹായങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു. രണ്ടാഴ്ചയോളം ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന മിഥിൻ രോഗവിമുക്തനായി വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. മിഥിനൊപ്പം മാതാവ് മിനിയും എസ് സുരേഷ് കുമാറും നഗരസഭാ കൗൺസിലർ അനസ് നസീമും ഉണ്ടായിരുന്നു.

Exit mobile version