Site iconSite icon Janayugom Online

മിശ്രവിവാഹവും സംവരണവും

ഇന്ത്യ കണ്ട ഏറ്റവും നീചമായ മനുഷ്യവിരുദ്ധ സമ്പ്രദായമാണ് ജാതിവ്യവസ്ഥ. നടപ്പാക്കുന്നതിൽ വലിയ വിജയം കണ്ട ക്രൂരവ്യവസ്ഥ. ആ വ്യവസ്ഥ മനുഷ്യരെ ഭിന്നിപ്പിച്ചു. അടിമകളും ഉടമകളുമാക്കി. മനുഷ്യനെപ്പോലും ക്രയവിക്രയം ചെയ്യാവുന്ന ജീവിവർഗമാക്കിമാറ്റി. അക്ഷരവും വിദ്യാഭ്യാസവും നിഷേധിച്ചു. വസ്ത്രവും ജീവിതവും നിഷേധിച്ചു. ഭാഷയിലും ആഹാരക്രമത്തിലും അക്രമങ്ങൾ സൃഷ്ടിച്ചു. അടിമകളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്കും ഉടമകളെ കൂടുതൽ സുരക്ഷിതാവസ്ഥയിലേക്കും മാറ്റുകയല്ല ജാതിവ്യവസ്ഥ ചെയ്തത്. ഉടമകളിൽ തന്നെ ദരിദ്രരെ സൃഷ്ടിക്കുകയും ദുരഭിമാനത്താൽ മൂടിവയ്ക്കാൻ പഠിപ്പിക്കുകയും ചെയ്തു. എല്ലാ തരത്തിലുമുള്ള ചൂഷണം നടപ്പിലാക്കി. അടിമകളാണെങ്കിൽ എഴുമ്പേറ്റം ഉണ്ടാകാതെ തലമുറകളായി ദുഃഖിച്ചു. മനുഷ്യരിൽ ഭയത്തിന്റെ വിത്തു വിതച്ചു വിളയിച്ചു. ആ വിത്തുകൾ കുടുംബങ്ങളെ തന്നെ ഏല്പിച്ചു വിജയക്കൊടി പാറിച്ചു. ഈ വിജയക്കൊടി ദൈവമെന്ന ഭീകരമായ അന്ധവിശ്വാസത്തിന്റെ കൈകളിൽ പിടിപ്പിച്ചു. പിന്നീടെല്ലാം ഭൂമിയുടെ ഭ്രമണം പോലെ കൃത്യമായി നടന്നു. മനുഷ്യരായി ജീവിക്കാനുള്ള പോരാട്ടങ്ങളും ക്രമേണ ഉണ്ടായി. അതിന്റെ ഭാഗമായി അപകർഷതാബോധം ചാണകക്കുണ്ടിൽ ഉപേക്ഷിക്കുകയും പുതിയ മതവെളിച്ചങ്ങളിലേക്ക് പാവങ്ങൾ നീന്തിക്കയറുകയും ചെയ്തു. അതാവട്ടെ മറ്റൊരു കെണിയായി പരിണമിച്ചു. അങ്ങനെ പരിവർത്തിത ക്രിസ്ത്യാനികളും പൊയ്കയിൽ അപ്പച്ചനും പാമ്പാടി ജോൺ ജോസഫും മറ്റും ഉണ്ടായി. പുതിയ മതവെളിച്ചം അവരിലേക്ക് അക്ഷരജ്ഞാനത്തിന്റെ തെളിച്ചത്തോടൊപ്പം വിവേചനത്തിന്റെ ഇരുട്ടും കടത്തിവിട്ടു. പറയനൊരു പള്ളി പുലയനൊരു പള്ളി മീൻ പിടുത്തക്കാരൻ മരക്കാനൊരു പള്ളി എന്ന പോരാട്ടക്കവിതയുണ്ടായി. വ്യത്യസ്ത മതത്തിൽപ്പെട്ട രണ്ടുപേർ തമ്മിൽ വിവാഹം കഴിച്ചാലതു മിശ്രവിവാഹമായി. ജാതി നശീകരണത്തിന്റെ ചിറകാണ് മിശ്രവിവാഹം. ദൈവമല്ല, പ്രണയമാണതിന്റെ പ്രേരണാപ്രമാണം. നൂറ്റാണ്ടുകളായി അടിമത്തം അനുഭവിക്കുകയും ഇപ്പോഴും സമൂഹത്തിന്റെ കണ്ണിൽ അതിരുവാസികളായി അടയാളപ്പെടുകയും ചെയ്തവർക്ക്, മുൻനിരയിലേക്ക് വരാനുള്ള ഉപാധിയായ സംവരണത്തിന് അർഹതയുണ്ടല്ലോ.


ഇതുകൂടി വായിക്കാം; ജാതിവിവേചനത്തെ ചെറുക്കാന്‍ നിതാന്ത മാനവിക ജാഗ്രത


എന്നാൽ വിവാഹം മൂലം ഈ അർഹത ഇല്ലാതാകുമെന്നാണ് ഇരട്ടയാർ വില്ലേജ് ഓഫീസർ തീരുമാനിച്ചു കളഞ്ഞത്. പ്രണയവിരുദ്ധതയും മനുഷ്യവിരുദ്ധതയുമായിരുന്നു ആ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചത്. ലത്തീൻ കത്തോലിക്കാ സമുദായം ബാല്യകാല പരിസരമായുള്ള ഇടുക്കിക്കാരിയായ എ ബക്സിയാണ് ഈ വേട്ടയാടലിന് ഇരയായത്. അവർ മനുഷ്യസ്നേഹത്തിൽ വിശ്വസിക്കുകയും ജീവപരമ്പരയുടെ വസന്തമായ പ്രണയത്തിൽ ആകൃഷ്ടയാവുകയും ജാതി നോക്കാതെ തന്നെ ഒരു പുരുഷനെ ജീവിതപങ്കാളിയാക്കുകയും ചെയ്തു. അദ്ദേഹം സിറോ മലബാർ സഭയെന്ന മറ്റൊരു ക്രൈസ്തവജാതിയിൽപ്പെട്ടയാളായിപ്പോയി. ക്രിസ്തു ഒന്നെങ്കിലും കുരിശ് പലത്! ബക്സിക്ക് എൽപി സ്കൂൾ അധ്യാപികയായി പബ്ലിക് സർവീസ് കമ്മിഷൻ വഴി ജോലിയും കിട്ടി. അവിടെ ഹാജരാക്കാനായി ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിനു ചെന്നപ്പോഴാണ് വില്ലേജ് ഓഫീസർ വിവാഹക്കുറ്റം കണ്ടുപിടിച്ച് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. മറ്റൊരു സമുദായത്തിൽപ്പെട്ടയാളിനെ വിവാഹം കഴിച്ചതിന്റെ പേരിൽ സംവരണാനുകൂല്യം നഷ്ടപ്പെടുകയില്ലെന്ന് ഹൈക്കോടതി വിധിയുണ്ട്. ഈ വിധി സുപ്രീം കോടതിയും അംഗീകരിച്ചിട്ടുണ്ട്. ഈ നിയമസാധുതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, ബക്സിക്ക് രണ്ടാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയാണ് കേരള ഹൈക്കോടതി. മനുഷ്യപക്ഷത്തു നിന്നുകൊണ്ടുള്ള ഒരു പ്രധാനപ്പെട്ട ഉത്തരവായി ഈ നിർദേശത്തെ കാണാവുന്നതാണ്. ഇന്ത്യൻ ഭരണഘടനയുടെ 16(4) ആർട്ടിക്കിൾ പ്രകാരം സംവരണാനുകൂല്യമുള്ള വ്യക്തി, മറ്റൊരു ജാതിയിലുള്ള ആളെ വിവാഹം കഴിച്ചാലും സംവരണാർഹത നഷ്ടപ്പെടുന്നില്ലെന്ന സുപ്രധാന നിരീക്ഷണവും വിധിയിലുണ്ട്. സംവരണാനുകൂല്യങ്ങളുടെ ആത്യന്തികമായ ലക്ഷ്യം ജാതിരഹിതമായ സമൂഹമാണ്. പിന്നിലാക്കപ്പെട്ടവരെ മുന്നിലേക്ക് കൊണ്ടുവരുകയും ഭരണത്തിൽ പങ്കാളികളാക്കുകയും ചെയ്ത് തുല്യതയുടെ തുലാസ് കൃത്യതയുള്ളതാക്കണമെന്ന് ഭരണഘടനാ ശില്പികൾ ആഗ്രഹിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം; ഗവേഷണത്തിന്റെ ജാതിവാല്‍


നിയമസാക്ഷരത അത് പഠിക്കുന്നവർക്ക് മാത്രമല്ല വില്ലേജ് ഓഫീസർ അടക്കമുള്ള നിലവിലെ ഉദ്യോഗസ്ഥർക്കും നൽകുന്നകാര്യം സര്‍ക്കാർ അടിയന്തരമായി പരിഗണിക്കേണ്ടതാണ്. ഒപ്പം ജാതിരഹിത സമൂഹത്തിന്റെ സൃഷ്ടിക്കായി മിശ്രവിവാഹിതരുടെ മക്കളായ മതമില്ലാത്ത ജീവനുകൾക്ക് സംവരണം നൽകുന്ന കാര്യവും ആലോചിക്കാവുന്നതാണ്. അവർ കുടുംബപരമായി നടത്തുന്ന സാമൂഹ്യപരിഷ്കരണപ്രക്രിയകളെ പ്രോത്സാഹിപ്പിക്കുവാൻ അത് സഹായിക്കും. മറ്റൊരു മിശ്രവിവാഹ പ്രശ്നത്തിൽ ഉണ്ടായ താമരശേരി ഫസ്റ്റ്ക്ലാസ് കോടതിയുടെ വിധിയും ശ്രദ്ധേയമാണ്. എം എസ് ഷെജിൻ എന്ന യുവരാഷ്ട്രീയ നേതാവും തെയ്യപ്പാറ സ്വദേശിനി ജോയ്സ്ന മേരി ജോസഫും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്നു. പാർട്ടിയിലെ ഒരു വിഭാഗം തന്നെ ഈ വിവാഹം ലൗ ജിഹാദിന്റെ ഭാഗമാണെന്നു വിലയിരുത്തുന്നു. അവിടെ മതവ്രണം വികാരപ്പെടുമെന്നു ആശങ്കപ്പെടുന്നു! ഈ വിവാഹത്തിൽ പ്രതിഷേധിച്ചുണ്ടായ ജനകീയ കൂട്ടായ്മ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നു! നവദമ്പതികൾ കോടതിയിൽ ഹാജരാകുന്നു. വരനോടൊപ്പം ജീവിക്കാനാഗ്രഹിക്കുന്നു എന്ന യുവതിയുടെ മൊഴിയെ തുടർന്ന് കോടതി വധുവിനെ വരനോടൊപ്പം വിടുന്നു. എന്തായാലും സംഘടനയുടെ ജില്ലാ നേതൃത്വം ഈ മിശ്രവിവാഹത്തെ അംഗീകരിച്ചു എന്നത് സന്തോഷകരമാണ്. പ്രിയപ്പെട്ട പ്രണയികളേ, ധൈര്യമായി മുന്നോട്ടുപോകൂ. ഇന്ത്യൻ നിയമവ്യവസ്ഥ നിങ്ങളോടൊപ്പമുണ്ട്.

Exit mobile version