Site icon Janayugom Online

കോവിഷീല്‍ഡും കോവാക്സിനും ഇടകലര്‍ത്തണ്ട: വ്യക്തത വരുത്തി സിറം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യ

കോവിഡ് വാക്സിന്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് തികച്ചും തെറ്റാണെന്ന് സെറം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യ. കോവിഡിനെതിരെയുള്ള രണ്ട് വാക്സിനുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് ഫലപ്രദമാകില്ലെന്ന് സിറം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സിറസ് പൂനാവാല പറഞ്ഞു. വാക്സിനുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് ഒരിടത്തും തെളിയിക്കപ്പെട്ടിട്ടില്ലെന്നും പൂനാവാല കൂട്ടിച്ചേര്‍ത്തു.

വാക്സിനുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് കോവിഡിനെ ചെറുക്കാന്‍ ഫലപ്രദമാണോ എന്ന് കണ്ടെത്തുന്നതിനായുള്ള പരീക്ഷണങ്ങള്‍ക്ക് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ഈ മാസം 11ന് അനുമതി നല്‍കിയിരുന്നു. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവ ഇടകലര്‍ത്തിയുള്ള പരീക്ഷണങ്ങള്‍ക്കാണ് ബുധനാഴ്ച അനുമതി നല്‍കിയിരുന്നത്.

അതേസമയം രണ്ട് വാക്സിനുകളും ഇടകലര്‍ത്തി ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നം എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാല്‍ വാക്സിന്‍ നിര്‍മ്മാതാക്കളായ രണ്ട് കമ്പനികളെയും അത് ദോഷകരമായി ബാധിക്കുമെന്നും പൂനാവാല വ്യക്തമാക്കി. ഇരു കമ്പനികള്‍ക്കുമിടയില്‍ ശത്രുതയ്ക്കും അത് കാരണമാകും.

ഒരേ വാക്‌സിന്റെ തന്നെ രണ്ടുഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് സമീപനമാണ് ഇന്ത്യയും മറ്റ് ലോകരാജ്യങ്ങളും പിന്തുടരുന്നത്. എന്നാല്‍ വാക്‌സിന്‍ യജ്ഞത്തിനിടെ ഉത്തർപ്രദേശിൽ 18 പേര്‍ക്ക് അബദ്ധത്തിൽ രണ്ട് വാക്സിനുകളുടെയും ഡോസുകൾ ഓരോന്ന് വീതം നൽകി. ഇതേ തുടർന്നായിരുന്നു ഐസിഎംആർ പഠനം. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിനാണ് ഈ വിഷയത്തില്‍ തുടര്‍പഠനം നടത്താനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.

Engll­ish Sum­ma­ry: mix­ing of vac­cine is wrong; Punawala

You may like this video also

Exit mobile version