Site iconSite icon Janayugom Online

സുധാകരനെതിരെ നിപാട് കടുപ്പിച്ച് എം കെ രാഘവനും മുരളീധരനും

പരസ്യപ്രതികരങ്ങളിൽ നടപടിയുമായി കെപിസിസി നേതൃത്വം മുന്നോട്ട് പോകുന്നതോടെ നിലപാട് കടുപ്പിച്ച് കെ മുരളീധരനും എം കെ രാഘവനും. പരസ്യ വിമർശനം നടത്തിയ എം കെ രാഘവന് താക്കീതും അതിന് പിന്തുണ നൽകിയ കെ മുരളീധരന് മുന്നറിയിപ്പ് നൽകിയും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കത്തയച്ചിരുന്നു. ഇതിനെതിരെയാണ് ഇരുവരും രംഗത്ത് വന്നത്.
കെപിസിസി അയച്ചെന്ന് പറയുന്ന കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും കത്ത് ലഭിച്ചതിന് ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും മുരളീധരൻ പറഞ്ഞു. ശക്തമായ ഭാഷയിൽ പ്രതികരിച്ച മുരളീധരൻ ജാഗ്രത പുലർത്താനുള്ള ആവശ്യം തള്ളിക്കളഞ്ഞു. കോൺഗ്രസിൽ പ്രവർത്തിക്കുന്നിടത്തോളം കാലം അഭിപ്രായം തുറന്നു പറയുമെന്നും ഇനി അങ്ങനെ പ്രവർത്തിക്കേണ്ടെന്നാണ് കെപിസിസി തീരുമാനമെങ്കില്‍ രാഷ്ട്രീയ പ്രവർത്തനം നിർത്താൻ തയ്യാറാണെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. 

പരസ്യപ്രസ്താവനയിൽ താക്കീത് നൽകിയെന്ന കത്തിനെക്കുറിച്ച് തനിക്കറിയില്ലെന്നും സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് വിവരം ലഭിച്ചതെന്നും എം കെ രാഘവൻ എംപി പ്രതികരിച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായി മുന്നോട്ട് പോകാൻ തന്നെയാണ് ഇരുവരുടെയും നീക്കമെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. പരസ്പരം കൂടിയാലോചനകളില്ലാതെ തീരുമാനം എടുക്കുന്നുവെന്നും ഡിസിസി പുനഃസംഘടനയിൽ ഉൾപ്പെടെ അനർഹരെ തിരുകിക്കയറ്റുന്നുവെന്നുമാണ് ഇരുവരുടെയും പരാതി. 

ദിവസങ്ങൾക്ക് മുമ്പ് നേതൃത്വത്തിനെതിരെ എം കെ രാഘവൻ രൂക്ഷവിമർശനം നടത്തിയിരുന്നു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് കോൺഗ്രസിലെ ഇപ്പോഴത്തെ രീതിയെന്നായിരുന്നു രാഘവന്റെ വിമർശനം. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള നീക്കവുമായി ശശി തരൂർ നടത്തിയ പര്യടനത്തിന് നേതൃത്വം അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയപ്പോൾ തരൂരിനൊപ്പം നിന്നതായിരുന്നു രാഘവനെതിരെയുള്ള നീക്കങ്ങൾക്കുള്ള പ്രധാനകാരണം. രാഘവനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരികയായിരുന്നു കെ മുരളീധരൻ. 

രാഘവൻ പറഞ്ഞതിൽ തെറ്റില്ലെന്നും പാർട്ടിയിലെ പൊതുവികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നുമായിരുന്നു കെ മുരളീധരന്റെ വാദം. കോൺഗ്രസിനുള്ളിൽ ചർച്ചകൾ നടക്കുന്നില്ലെന്ന് മുരളീധരനും പരാതിയുണ്ട്. പാർട്ടിയിൽ കാര്യങ്ങള്‍ തന്നോട് ആലോചിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇരു നേതാക്കൾക്കുമെതിരെ നേതൃത്വം നീക്കം ശക്തമാക്കിയ സാഹചര്യത്തിൽ കോൺഗ്രസിൽ പോര് രൂക്ഷമാകാനാണ് സാധ്യത. സംസ്ഥാന തലത്തിൽ പ്രവർത്തനം ശക്തമാക്കാൻ എ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. കെ സുധാകരനെ ലക്ഷ്യമിട്ടാണ് എ വിഭാഗം നീക്കം. പാർട്ടിയെ നിയന്ത്രിക്കുന്ന കെ സി വേണുഗോപാൽ, കെ സുധാകരൻ, വിഡി സതീശൻ കൂട്ടുകെട്ടിനെതിരെയുള്ള എതിർപ്പ് പാർട്ടിയിൽ കൂടുതല്‍ ശക്തിപ്പെടുകയാണ്. 

You may also like this video

Exit mobile version