Site iconSite icon Janayugom Online

എംഎൽഎ സ്ഥാനം രാജിവെക്കില്ല; രാഹുല്‍ മാങ്കൂട്ടത്തിനെതിരായ നടപടി സസ്‌പെൻഷനിൽ ഒതുക്കി

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ നടപടി സസ്‌പെൻഷനിൽ ഒതുക്കി കോൺഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ശ്രമിച്ചിട്ടും രാജി ആവശ്യം ഹൈക്കമാൻഡ് തള്ളുകയായിരുന്നു. രാഹുലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെന്റ് ചെയ്‌തത്‌. രാഹുൽ വിവാദം അവസാനിപ്പിക്കാനും ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനും ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഇനി മത്സരിക്കാനായി പാർട്ടി സീറ്റ് നൽകില്ല. 

പാർട്ടി അംഗം അല്ലാത്ത ഒരാളോട് എംഎല്‍എ സ്ഥാനം ഒഴിയാൻ പറയാൻ കഴിയില്ലെന്ന വാദമാണ് മുന്നോട്ട് വെച്ചത്. കോൺഗ്രസ് നേത്യത്വം കൂടിയാലോചിച്ചാണ് തീരുമാനം. രാഹുലിനെക്കൊണ്ട് എംഎൽഎ സ്ഥാനം രാജിവെപ്പിച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം ഒരു സാഹചര്യം ഒരുക്കി പാലക്കാട്ടെ സീറ്റ് കൈവിട്ടാൽ ഇനി വരാൻ പോകുന്ന തെരഞ്ഞെടുപ്പ്കളെ അത് കാര്യമായി ബാധിക്കുമെന്നാണ് നേതൃത്വം പറയുന്ന ന്യായം. അതുകൊണ്ട് അത്തരം തീരുമാനം വേണ്ടെന്നുള്ള രീതിയിലാണ് പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള സസ്‌പെൻഷനിലക്ക് നേത്യത്വം കടന്നത്. ഇതോടെ സ്വതന്ത്ര എംഎൽഎ ആയി രാഹുൽമാങ്കൂട്ടത്തിൽ മാറും. കോൺഗ്രസിന്റെ നയ പരിപാടിയിലോ നിയമസഭാ വിഷയങ്ങളിലോ രാഹുൽമാങ്കൂട്ടത്തെ പങ്കെടുപ്പിക്കേണ്ടെന്ന നിലപാടാണ് നേത്യത്വം ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്.

Exit mobile version