Site icon Janayugom Online

എംഎന്‍ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ശില്പി: ബിനോയ് വിശ്വം എം പി

binoy viswam

കമ്മ്യൂണിസ്റ്റ് നേതാവ് എമ്മെന്റെ ചരമദിനാചരണം സംസ്ഥാന വ്യാപകമായി വിവിധ പരിപാടികളോടെ നടന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസിലെ എംഎന്‍ പ്രതിമയില്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
തികഞ്ഞ ആദരവോടെയും സ്നേഹത്തോടെയുമാണ് എംഎന്നിനെ കമ്മ്യൂണിസ്റ്റുകാര്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദൂരക്കാഴ്ചകളുള്ള നേതാവിനെ കേരളം മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും എംഎന്റെ വിരല്‍പ്പാടുകള്‍ പതിഞ്ഞു കിടപ്പുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പിന് ശേഷം ഭരിക്കുന്ന പാര്‍ട്ടിയായി മാറുമെന്ന് പറഞ്ഞതാണ് അദ്ദേഹത്തിന്റെ ദൂരക്കാഴ്ച. ജനയുഗത്തെ ദിനപത്രമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തത് അദ്ദേഹമാണ്. കേരളത്തിലെ ആദ്യത്തെ ജനകീയമായ പാര്‍പ്പിടപദ്ധതിയുടെ ഉപജ്ഞാതാവാണ് അദ്ദേഹം. ഇടതുപക്ഷ ഐക്യം ഇക്കാലത്തിന്റെ ആവശ്യമാണെന്ന് ഉറക്കെ പറഞ്ഞ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് എംഎന്‍ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണി, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, വി പി ഉണ്ണികൃഷ്ണന്‍, ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, ആര്‍ അജയന്‍, യു വിക്രമന്‍, പുലിപ്പാറ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടത്തെ എംഎന്‍ പ്രതിമയില്‍ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കോട്ടയം കടുത്തുരുത്തിയില്‍ അനുസ്മരണ സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിലംഗം ടി എം സദൻ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി എൻ രമേശൻ തുടങ്ങിയവർ സംസാരിച്ചു. 

Eng­lish Sum­ma­ry: MN Archi­tect of Ker­ala’s first com­mu­nist gov­ern­ment: Binoy Vish­wam MP

You may also like this video

Exit mobile version