സി പി ഐ സംസ്ഥാന സെക്രട്ടറിയും, മുൻ മന്ത്രിയുമായിരുന്ന എം എൻ ഗോവിന്ദൻ നായരുടെ ചരമദിനം ആചരിച്ചു. അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്ന വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉത്ഘാടനം ചെയ്തു.
സ്വാതന്ത്ര്യ സമരസേനാനി, തൊഴിലാളികളുടെ പോരാട്ടങ്ങൾ നയിച്ച കമ്മ്യൂണിസ്റ്റ് നേതാവ്, ക്രാന്തദർശിയായ ഭരണാധികാരി, സാമൂഹ്യനീതിക്കായി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ സാമൂഹ്യ പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം ചരിത്രത്തിൽ ഇടം നേടിയ മനുഷ്യ സ്നേഹിയാണ് എം എൻ എന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്യം കുറഞ്ഞ സംസ്ഥാനമായി നീതി ആയോഗ് കേരളത്തെ തെരഞ്ഞെടുക്കുമ്പോൾ അതിന് അടിത്തറയിട്ട ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ശിൽപ്പി എം എൻ ആയിരുന്നു എന്ന വസ്തുത ഏറെ പ്രചോദനം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ അദ്ധ്യക്ഷനായിരുന്നു.
ദീപ്തി അജയകുമാർ, വി മോഹൻദാസ്, ഇ കെ ജയൻ, ആർ സുരേഷ്, ആർ അനിൽകുമാർ, പി എസ് എം ഹുസൈൻ എന്നിവർ പ്രസംഗിച്ചു. ബി നസീർ, പി കെ സദാശിവൻ പിള്ള, ബി അൻസാരി, എൽജിൻ റിച്ചാർഡ്, സി വാമദേവ് എന്നിവർ പുഷ്പ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.