Site iconSite icon Janayugom Online

പുതുശോഭയില്‍ എം എന്‍ സ്‍മാരകം: ഉദ്ഘാടനം 26ന്

നവീകരിച്ച സിപിഐ ആസ്ഥാന മന്ദിരമായ എം എന്‍ സ്മാരകം 26ന് രാവിലെ 10.30ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. 11ന് സ്മാരകത്തിന് മുന്നില്‍ പതാക ഉയര്‍ത്തും. പാര്‍ട്ടിയുടെ 99-ാം ജന്മദിനത്തിലാണ് നിലവില്‍ എഐടിയുസി ആസ്ഥാനമായ പി എസ് സ്മാരകത്തില്‍ നിന്നും പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ ഓഫിസ് എം എന്‍ സ്മാരകത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത്. തുടര്‍ന്ന് ഓഫിസില്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുമെന്ന് ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

നവീകരിച്ച മന്ദിരം എം എന്‍ സ്മാരകത്തിന്റെ സ്വാഭാവികമായ തലയെടുപ്പും ലാളിത്യവും പരിശുദ്ധിയും നിലനില്‍ക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. 1962ല്‍ പൂര്‍ത്തീകരിച്ച ഓഫിസ് പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കൊത്ത വിധം മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. സാങ്കേതിക വളര്‍ച്ചയുടെ കാലത്ത് കൈവരിക്കേണ്ട മികവ് ഓഫിസിന് ഉണ്ടായിരിക്കും. ഈ കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ സാങ്കേതിക കര്‍ത്തവ്യങ്ങള്‍ നിറവേറ്റുവാന്‍ പര്യാപ്തമായ കേന്ദ്രമായി എം എന്‍ സ്മാരകം മാറുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

വിപുലമായ സൗകര്യങ്ങളാണ് നവീകരിച്ച എം എന്‍ സ്മാരകത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ ചരിത്രാന്വേഷികള്‍ക്ക് റെഫര്‍ ചെയ്യാനുതകുന്ന കേന്ദ്രമായി ലൈബ്രറി പ്രവര്‍ത്തിക്കും. പുതിയ ഹാളില്‍ 26, 27 തീയതികളില്‍ സംസ്ഥാന കൗണ്‍സില്‍ ചേരും. നവീകരിച്ച ഓഫിസ് മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്വപ്നമായിരുന്നു. അത് യാഥാര്‍ത്ഥ്യമാകുന്നത് കാണാൻ സാധിക്കാതെ കണ്ണടയ്ക്കേണ്ടി വന്ന കാനത്തിന്റെ സ്മരണയ്ക്ക് വേണ്ടി ഹാളിന് കാനം രാജേന്ദ്രന്‍ ഹാള്‍ എന്ന പേര് നല്‍കിയിരിക്കുകയാണ്.

സമൂഹ മാധ്യമ പ്രവര്‍ത്തനത്തിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളുള്ള ഇടം ഓഫിസിലുണ്ടാകും. കൂടാതെ എല്ലാ സൗകര്യങ്ങളുമുള്‍പ്പെടുന്ന ഒമ്പത് റൂമുകളുള്ള ക്വാര്‍ട്ടേഴ്സും സജ്ജീകരിച്ചിട്ടുണ്ട്. വിപുലമായ സൗകര്യങ്ങളുള്ള പ്രസ് റൂമും മെസും പുതിയ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
ദേശീയ എക്സിക്യുട്ടീവ് അംഗം കെ പ്രകാശ് ബാബു, മന്ത്രി ജി ആര്‍ അനില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെുടുത്തു. 

Exit mobile version