Site iconSite icon Janayugom Online

കണ്ണൂരില്‍ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു

കണ്ണൂര്‍ തലശേരിയില്‍ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് വീടിന്റെ കിടപ്പുമുറി കത്തിനശിച്ചു. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറാംമൈലിലെ എം എ മൻസിലിൽ മശൂദിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം സന്ധ്യക്ക് മശൂദിന്റെ അളിയന്റെ മകൻ പള്ളിയിൽ പോയി തിരിച്ച് വരുമ്പോഴാണ് വീടിന്റെ മുകൾ നിലയിലെ മുറിയിൽ നിന്നു പുക ഉയരുന്നത് കണ്ടത്. ഉടൻ വീട്ടുകാരെ അറിയിക്കുകയായിരുന്നു. എന്നാൽ ചൂടുകാരണം മുറിയിൽ പ്രവേശിക്കാൻ സാധിച്ചില്ല. കൂത്തുപറമ്പിൽ നിന്നു ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മുറിയിലെ ഫർണിച്ചറുകൾ മുഴുവനായി കത്തിനശിച്ചു. മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകളും കരിഞ്ഞു പോയി. മൊബൈൽ ചാർജ് ചെയ്ത ശേഷം പ്ലഗ് ഓഫാക്കാത്തതിനാൽ ചാർജർ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മശൂദിന്റെ മകനാണ് ഈ മുറി ഉപയോഗിക്കുന്നത്.

രാത്രിയിലാണ് അപകടമെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു. ചെറിയ അശ്രദ്ധ വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും വിലകുറഞ്ഞ ചൈന നിർമിത ചാർജറുകൾ ഒഴിവാക്കണമെന്നും ചാർജ് ചെയ്ത് കഴിഞ്ഞാൽ ചാർജർ പ്ലഗിൽ നിന്ന് ഊരിവെക്കണമെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.

Exit mobile version