Site icon Janayugom Online

മെബൈല്‍ കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചു: ആദ്യം കൂട്ടിയത് റിലയന്‍സ് ജിയോയും എയര്‍ടെല്ലും

jio

5ജി ലേലനടപടികള്‍ പൂര്‍ത്തിയായതോടെ രാജ്യത്തെ മെബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് സ്വകാര്യ മെബൈല്‍ ദാതാക്കള്‍. റിലയന്‍സ് ജിയോയ്‌ക്ക് പിന്നാലെ എയര്‍ടെല്ലും നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇതോടെ ജൂലൈ മുതല്‍ ഉയര്‍ന്ന ബില്‍ ഉപയോക്താക്കള്‍ നല്‍കേണ്ടിവരും. നിരക്ക് വര്‍ധന പ്രഖ്യാപിച്ചതോടെ കമ്പനികളുടെ ഓഹരി വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ഓഹരി വിലയിലുണ്ടായ വര്‍ധനയും നിരക്കുവര്‍ധനയും കമ്പനികള്‍ക്ക് ഇരട്ടനേട്ടമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കോള്‍, ഡാറ്റ നിരക്കുകളാണ് കമ്പനികള്‍ വര്‍ധിപ്പിച്ചത്. വോഡഫോണ്‍-ഐഡിയയും ഉടന്‍ താരിഫ് വര്‍ധന വരുത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് നിരക്കുകൾ 10മുതൽ 21 ശതമാനം വരെ എയര്‍ടെല്‍ വർധിപ്പിച്ചു. ഇതോടെ പ്രതിമാസ അൺലിമിറ്റഡ് പാക്കുകൾക്ക് 20 മുതൽ 50 രൂപ വരെ കൂടും. എയര്‍ടെല്ലിന്റെ നിരക്ക് വർധന ജൂലൈ മൂന്ന് മുതൽ നിലവിൽ വരും.

പ്രീ-പെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകളില്‍ വലിയ വില വ്യത്യാസമാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റ ഉപയോഗിക്കാമായിരുന്ന 179 രൂപയുടെ പഴയ പാക്കേജിന് 199 രൂപയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്ന വില. 84 ദിവസത്തേക്ക് ആറ് ജിബി ഡാറ്റ ഉപയോഗിക്കാമായിരുന്ന 455 രൂപയുടെ പ്ലാനിന് 509 രൂപയും ഒരു വര്‍ഷത്തേക്ക് 24 ജിബി ഉപയോഗിക്കാമായിരുന്ന 1799 രൂപയുടെ പാക്കേജിന് 1999 രൂപയും ജൂലൈ മൂന്ന് മുതല്‍ എയര്‍ടെല്‍ ഉപയോക്താക്കള്‍ നല്‍കേണ്ടിവരും. ദിവസം ഒരു ജിബി ഡാറ്റ മുതല്‍ മുകളിലേക്ക് വിവിധ വാലിഡിറ്റികളിലുള്ള പ്രീ-പെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകളുടെ തുകയിലും വലിയ മാറ്റം വന്നിട്ടുണ്ട്. 

എയര്‍ടെല്ലിന്റെ പോസ്റ്റ്-പെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകളുടെ നിരക്കിലും മാറ്റം വന്നിട്ടുണ്ട്. ഇതോടെ ജൂലൈ മുതല്‍ ഉയര്‍ന്ന ബില്‍ ഉപയോക്താക്കള്‍ നല്‍കേണ്ടിവരും. 399 രൂപയുടെ പ്ലാനിന് 449 രൂപയും 499 രൂപയുടെ പ്ലാനിന് 549 രൂപയുമാവും. ഇതോടൊപ്പം 599 രൂപയുടെ പ്ലാന്‍ 699 രൂപയും 999 രൂപയുടെ പ്ലാന്‍ 1,199 രൂപയുമായി ഉയരും. ജിയോ 12.25 ശതമാനം നിരക്കാണ് കോള്‍— ഡാറ്റ നിരക്കില്‍ വര്‍ധിപ്പിച്ചത്. അടുത്തമാസം മൂന്നാം തീയതി മുതലാണ് ജീയോ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുകയെന്ന് കമ്പനി അറിയിച്ചു. 

Eng­lish Sum­ma­ry: Mobile com­pa­nies hike rates

You may also like this video

Exit mobile version