Site iconSite icon Janayugom Online

‘മൊബൈലി‘ന്റെ ആദ്യ രൂപം?: വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ച് ‘പേജറുകള്‍ ’

pagerspagers

ലെബനനില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനുപിന്നാലെ വീണ്ടും ചര്‍ച്ചയായി പേജറുകള്‍. ഹിസ്ബുള്ള സ്ഫോടനത്തിനുപയോഗിച്ച പേജറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതിനുപിന്നാലെയാണ് പൊട്ടിത്തെറിച്ചത്. മൊബൈല്‍ ഫോണുകളുടെ ആദ്യരൂപം എന്ന് വിളിക്കാവുന്ന ‘പേജർ’ കൈവെള്ളയില്‍ ഒതുങ്ങുന്ന വലിപ്പം മാത്രമുള്ള കുഞ്ഞന്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണമാണ്. ചെറിയ മെസേജുകളും അലര്‍ട്ടുകളും സ്വീകരിക്കാനും അയക്കാനുമായി പണ്ടും ഇവ ഉപയോഗത്തിലുണ്ടായിരുന്നു. 

ബേസ് സ്റ്റേഷനില്‍ നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി വഴിയാണ് പേജറുകള്‍ പ്രവര്‍ത്തിക്കുന്നത്. വരുന്ന സന്ദേശങ്ങള്‍ തെളിയാന്‍ ചെറിയൊരു ഡിസ്‌പ്ലെ പേജറില്‍ കാണാം. പേജര്‍ എന്ന ഉപകരണത്തിന് ‘ബീപര്‍’ എന്നൊരു ഓമനപ്പേര് കൂടിയുണ്ട്. 

സന്ദേശം എത്തുമ്പോള്‍ നേരിയ ശബ്ദമോ ബീപ്പോ വൈബ്രേഷനോ ഉണ്ടാക്കുന്നതിനാലാണ് ഇങ്ങനെയൊരു പേര് പേജറിന് വീണത് എന്ന് അനുമാനിക്കാം. ന്യൂമറിക് പേജര്‍, ആല്‍ഫാന്യൂമറിക് പേജര്‍ എന്നിങ്ങനെ രണ്ട് തരം ഉപകരണങ്ങളുണ്ട്. പേര് പോലെ തന്നെ ന്യൂമറിക് പേജര്‍ ഫോണ്‍ നമ്പറുകള്‍ പോലെ എന്തെങ്കിലും അക്കങ്ങള്‍ മാത്രമാണ് തെളിക്കുക. ഇതാണ് ഏറ്റവും പേജറിന്‍റെ ഏറ്റവും അടിസ്ഥാന രൂപം. ആല്‍ഫാന്യൂമറിക് ആവട്ടെ നമ്പറും അക്ഷരങ്ങളും സ്ക്രീനില്‍ കാട്ടും. കൂടുതല്‍ വിശദമായ സന്ദേശം അയക്കാനും സ്വീകരിക്കാനും ആല്‍ഫാന്യൂമറിക് പേജര്‍ സഹായിക്കും. 

മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭ്യമല്ലാത്ത ഇടങ്ങളില്‍ പോലും പേജര്‍ ഉപയോഗിച്ച് കമ്മ്യൂണിക്കേഷന്‍ സാധ്യമാകും. വളരെ കുറച്ച് ഫീച്ചറുകള്‍ മാത്രമുള്ള ലളിതമായ ഒരു കമ്മ്യൂണിക്കേഷന്‍ ഉപകരണം എന്ന വിശേഷണമാണ് പേജറിന് ചേരുക. നവീന മൊബൈല്‍ ഫോണുകളിലെ പോലെ വോയ്സ് മെസേജ്, ടെക്സ്റ്റ് മെസേജ്, ഇന്‍റര്‍നെറ്റ് ആക്സസ്, വീഡിയോ കോളിംഗ് തുടങ്ങിയ വലിയ ഫീച്ചറുകളുടെ നിര പേജറുകള്‍ക്കില്ല. മൊബൈല്‍ ഫോണുമായി തട്ടിച്ചുനോക്കുമ്പോള്‍ ട്രേസ് ചെയ്യാന്‍ പ്രയാസമുള്ളതാണ് പേജറുകള്‍ എന്നതാണ് അതിന്‍റെ രഹസ്യാത്മകത. ഇതാണ് സ്‌മാര്‍ട്ട്ഫോണുകളുടെ കാലത്തും പേജര്‍ ഉപയോഗിക്കാനുള്ള ഒരു കാരണം. ഉപയോഗിക്കാനുള്ള എളുപ്പവും ദീര്‍ഘമായ ബാറ്ററി ലൈഫും ഇപ്പോഴും എമര്‍ജന്‍സി സര്‍വീസുകള്‍ അടക്കം പേജര്‍ ഉപയോഗിക്കാന്‍ കാരണമാകുന്നു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ പേജര്‍ ദിവസങ്ങളോളം ഉപയോഗിക്കാം.

ഫീച്ചറുകള്‍ കുറവാണെങ്കിലും രഹസ്യാത്മതകയുടെ കാര്യത്തിലുള്‍പ്പെടെ വിവിധ കാര്യങ്ങളില്‍ ഇന്നത്തെ മൊബൈലുകളെക്കാള്‍ മുന്നിലാണ് പേജറുകള്‍. മൊബൈലുകള്‍ക്ക് റേഞ്ചില്ലാത്ത സ്ഥലങ്ങളില്‍പ്പോലും ഉപയോഗപ്രദമാണെന്നതാണ് പേജറുകള്‍ക്ക് വംശനാശം സംഭവിക്കാത്തതിനുകാരണം. 

Exit mobile version