Site iconSite icon Janayugom Online

മണിപ്പൂര്‍ കലാപത്തില്‍നിന്നും ശ്രദ്ധ തിരിക്കാൻ മോഡിയും കൂട്ടരും സനാതന വിഷയം ഉപയോഗിക്കുന്നു: ഉദയനിധി സ്റ്റാലിൻ

udayanidhiudayanidhi

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ശ്രദ്ധ തിരിക്കാന്‍ മോഡിയും കൂട്ടരും സനാതന ധര്‍മ്മ വിഷയം കൂട്ടുപിടിക്കുന്നുവെന്ന് ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധര്‍മ്മം രാജ്യത്തുനിന്ന് തുടച്ചുനീക്കണമെന്ന പരാമര്‍ശത്തിനുപിന്നാലെ ബിജെപിയുടെ വ്യാപക അക്രമങ്ങള്‍ക്കിരയാകുന്ന ഉദയനിധി സ്റ്റാലിന്‍, തന്റെ പ്രസ്താവനകള്‍ മോഡിയും കൂട്ടരും വളച്ചൊടിക്കുകയാണെന്നും ആരോപിച്ചു.
തന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസുകള്‍ നിയമപരമായി കൈകാര്യം ചെയ്യുമെന്നും ഉദയനിധി വ്യക്തമാക്കി. മണിപ്പൂരിലെ അക്രമത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭയപ്പെടുന്നുവെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു.

“കഴിഞ്ഞ ഒമ്പതു വർഷമായി ബിജെപി പൊള്ളയാണ് വാഗ്ദാനങ്ങളാണ് നല്‍കുന്നത്. ജനക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് രാജ്യം മുഴുവൻ ഒരേ സ്വരത്തിൽ ചോദിക്കുന്ന ചോദ്യമാണ്. ഈ പശ്ചാത്തലത്തിലാണ് ടിഎൻപിഡബ്ല്യുഎഎ സമ്മേളനത്തിലെ എന്റെ പ്രസംഗം വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതെന്നു പറഞ്ഞ് ബിജെപി നേതാക്കൾ വളച്ചൊടിച്ചത്. തങ്ങളെത്തന്നെ സംരക്ഷിക്കാനുള്ള ആയുധമായാണ് അവർ ഇതിനെ കണക്കാക്കുന്നത്’, അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി അമിത് ഷായെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പോലുള്ളവർ വ്യാജവാർത്തയുടെ അടിസ്ഥാനത്തിൽ നടപടി ആവശ്യപ്പെടുവെന്നത് എന്നത് ആശ്ചര്യകരമാണെന്നും ഉദയനിധി പറഞ്ഞു.

തന്റെ വാക്കുകള്‍ വളച്ചൊടിച്ചതിനും അപവാദം സൃഷ്ടിക്കുന്നതിനും സത്യത്തില്‍ അവര്‍ക്കെതിരെ കേസ് നല്‍കേണ്ടത് താനാണെന്നും സമുന്നത പദവിയിലിരിക്കെ ഇത്തരം ഹീനമായ പ്രവര്‍ത്തികളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെവന്നും ഉദയനിധി രൂക്ഷമായി വിമര്‍ശിച്ചു.

എല്ലാ ജീവജാലങ്ങളും തുല്യരായി കാണുന്ന എല്ലാ മതങ്ങളെയും ഡിഎംകെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാൻ അപവാദങ്ങളെ ആശ്രയിക്കുകയാണ് മോഡിയും കൂട്ടരും. അവരോട് സഹതാപം മാത്രമാണ് തോന്നുന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി മോഡി ഒന്നും ചെയ്യുന്നില്ല. ജനങ്ങളുടെ അജ്ഞതയാണ് അവരുടെ രാഷ്ട്രീയ നാടകത്തിന്റെ മൂലധനം എന്നതാണ് വസ്തുതയെന്നും ഉദയനിധി കുറ്റപ്പെടുത്തി. 

Eng­lish Sum­ma­ry: Modi and his cohorts are using the peren­ni­al issue: Udayanid­hi Stal­in to divert atten­tion from the Manipur riots

You may also like this video

Exit mobile version