Site iconSite icon Janayugom Online

മോഡി കേരളത്തെ കബളിപ്പിച്ചു: ബിനോയ് വിശ്വം

നഗരസഭയിൽ ബിജെപി ഭരണം ഉറപ്പുവരുത്തിയതിൽ സന്തോഷം പൂണ്ട് കേരളത്തിന്റെ സമഗ്ര വികസനത്തിനും തിരുവനന്തപുരം ജില്ലയുടെ സമ്പൂർണ വികസനത്തിനുമായി വമ്പൻ പ്രഖ്യാപനങ്ങൾ നടത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരം സന്ദർശിക്കുന്നു എന്ന് കൊട്ടിഘോഷിച്ചുകൊണ്ട് നടത്തിയ സന്ദർശനം കേരളീയരെ അക്ഷരാർത്ഥത്തിൽ ഇളിഭ്യരാക്കി എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. ‘പുലി വരുന്നേ പുലി വരുന്നേ’ എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കുംവിധം ദീർഘനാളായി കേരളം കേട്ടുകൊണ്ടിരുന്ന മൊഴിയാണ് വമ്പൻ പ്രഖ്യാപനങ്ങൾക്കായി പ്രധാനമന്ത്രി മോഡി തിരുവന്തപുരത്തെത്തുന്നു എന്നത്. യാതൊരു വികസന പ്രഖ്യാപനങ്ങളും ഉണ്ടായില്ല എന്നു മാത്രമല്ല കേരളത്തിന് ലഭ്യമാകേണ്ട എയിംസിനെ കുറിച്ച് അദ്ദേഹം മനഃപൂർവ മൗനം പാലിക്കുകയാണ് ഉണ്ടായത്. മാത്രമല്ല കേരളത്തിന് ലഭിക്കാനുള്ള 5783 കോടി രൂപ ലഭ്യമാക്കുന്ന കാര്യത്തിലും മൗനം പാലിച്ചു. 

അതിവേഗ റെയിൽ തിരുവനന്തപുരം സന്ദർശനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്ന് കൊട്ടിഘോഷിച്ച ബിജെപി നേതൃത്വം ഇപ്പോൾ എന്തു പറയുന്നു എന്ന് ബിനോയ് വിശ്വം ചോദിച്ചു. ബിജെപിയെ ജയിപ്പിച്ചാൽ ഡബിൾ എന്‍ജിൻ സർക്കാർ വികസനം കൊണ്ടുവരും എന്നു പറഞ്ഞ് കേരളീയരെ കളിയാക്കാൻ നരേന്ദ്ര മോഡി ശ്രമിക്കേണ്ടതില്ലാ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിന്റെ മതേതര മനസിനെ വൃണപ്പെടുത്തിക്കൊണ്ട് ഭൂരിപക്ഷ വർഗീയതയെ വേലികെട്ടി തിരിക്കാനുള്ള ബിജെപി നയം സംസ്ഥാനത്ത് വിലപ്പോവില്ലെന്ന് മോഡി മനസിലാക്കുന്നതാണ് നല്ലതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Exit mobile version