Site iconSite icon Janayugom Online

മോഡി വഴങ്ങി; എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിന്

സഖ്യകക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി ഒടുവില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി. നരേന്ദ്ര മോഡിയെ സർക്കാർ രൂപവത്കരിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു ക്ഷണിച്ചു. ഇന്ന് ചേര്‍ന്ന എന്‍ഡിഎ എംപിമാരുടെ യോഗം നരേന്ദ്ര മോഡിയെ നേതാവായി അംഗീകരിച്ചിരുന്നു. രാഷ്ട്രപതിയെ കണ്ട് മോഡി സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചു. സഖ്യകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും മോഡി കൈമാറി. മോഡിക്കൊപ്പം സഖ്യകക്ഷി നേതാക്കളായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, എക്നാഥ് ഷിൻഡെ എന്നിവരും രാഷ്ട്രപതി ഭവനിലെത്തി. 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ എന്‍ഡിഎയ്ക്ക് 293 അംഗങ്ങളാണുള്ളത്. 

രാജ്യം ഭരിക്കാന്‍ താന്‍പ്രമാണിത്വമല്ല, സമവായമാണ് ആവശ്യമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്ത എന്‍ഡിഎ എംപിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യവേ മോഡി പറഞ്ഞു. എന്‍ഡിഎയിലെ മറ്റ് കക്ഷികളുമായി സമവായം ഉറപ്പുവരുത്തി മുന്നോട്ടു പോകുമെന്നും മോഡി പറഞ്ഞു. ഭരണഘടന നെറുകയിൽ വച്ച് വണങ്ങുന്ന ചിത്രം മോഡി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. യോഗത്തിന് മുന്നോടിയായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും വസതികളിലെത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 

ഞായറാഴ്ച വൈകീട്ട് ആറിന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്ന് ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി അറിയിച്ചു. ഏതൊക്കെ വകുപ്പുകൾ ആർക്കൊക്കെയെന്നത് സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ലെന്നാണ് സൂചന. സ്പീക്കർ അടക്കമുള്ള നിർണായക പദവികൾക്കായി ടിഡിപി സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. 

Eng­lish Summary:Modi gave in; The NDA gov­ern­ment will take oath at 6 pm on Sunday
You may also like this video

Exit mobile version