വിലക്കയറ്റം ഉൾപ്പെടെ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ലോക്‌സഭയിൽ ഉന്നയിക്കാൻ നിരന്തരം അവസരം നിഷേധിക്കുന്ന സ്പീക്കറുടെയും സർക്കാരിന്റെയും നിലപാടിൽ പ്രതിഷേധിച്ച നാല് പ്രതിപക്ഷാംഗങ്ങളെ വർഷകാല സമ്മേളനത്തിൽനിന്നും സസ്പെൻഡ് ചെയ്തു. പ്ലക്കാര്‍ഡ് ഉയർത്തി പ്രതിഷേധിച്ചതിന്റെ പേരിലാണ് നടപടി. വർഷകാല സമ്മേളനം ആരംഭിച്ച് ആറുദിവസം പിന്നിടുമ്പോഴും രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളെയും തികച്ചും പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാൻ അവസരം നല്കാൻ സ്പീക്കറോ അതേപ്പറ്റി ചർച്ചചെയ്യാൻ സർക്കാരോ സന്നദ്ധമാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന് സഭയ്ക്കകത്തും പുറത്തും പ്രതിഷേധിക്കേണ്ടി വരുന്നത്. ഇത്തരം പ്രതിഷേധങ്ങൾ മുന്നിൽ കണ്ടാണ് സർക്കാർ ഇന്ത്യൻ പാർലമെന്റിൽ മാത്രമല്ല, ലോകത്തെ ജനാധിപത്യ രാഷ്ട്രങ്ങളുടെ പാർലമെന്റുകളിൽ എവിടെയും കേട്ടുകേൾവി പോലുമില്ലാത്ത നിരോധനാജ്ഞയുമായി പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടാനും ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിക്കാനും കാലേകൂട്ടി ഉത്തരവിറക്കിയത്. ഭരണകൂടനയങ്ങളെ വിമർശിക്കാനും അത് തിരുത്തിക്കാനും പ്രതിപക്ഷത്തിന് അവസരം നിഷേധിക്കുകയും അവര്‍ക്കെതിരെ നിരോധനം ഏർപ്പെടുത്തുകയെന്നതും ജനാധിപത്യവിരുദ്ധവും ഏകാധിപത്യം പാർലമെന്റിലും ജനങ്ങൾക്കുമേലെയും അടിച്ചേല്പിക്കുന്ന നടപടിയുമാണ്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള പ്രതിപക്ഷത്തിന് അത് ഒരുകാരണവശാലും അംഗീകരിക്കാവുന്നതല്ല. ജനങ്ങളുടെ ശബ്ദം പാർലമെന്റിൽ ഉയർത്താനുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അവകാശങ്ങൾക്ക് നേരെയുള്ള ഈ കടന്നുകയറ്റത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണം.
ഇതുകൂടി വായിക്കൂ: ഒരു കൂട്ടം വാക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തി പാർലമെന്റ്
ഇപ്പോൾ ഇന്ത്യൻ ജനത നേരിടുന്ന അവശ്യ നിത്യോപയോഗ സാധനങ്ങളുടെ ദുർവഹമായ വിലക്കയറ്റത്തിന് കാരണം അവയ്ക്കുമേൽ കേന്ദ്രസര്‍ക്കർ ഏർപ്പെടുത്തിയ നികുതിഭാരമാണ്. ആവശ്യമായ ചർച്ചകളോ തയാറെടുപ്പുകളോ കൂടാതെ നടപ്പാക്കിയ ചരക്ക് സേവന നികുതി(ജിഎസ്‌ടി)യും അതിന്റെ നിർണയ സംവിധാനവും യഥാർത്ഥത്തിൽ നികുതി നിർണയത്തിലും അതിന്റെ നടത്തിപ്പിലും പാർലമെന്റിനുള്ള എല്ലാ അധികാരങ്ങളും കേന്ദ്രസർക്കാരിന്റെ കൈപ്പിടിയിൽ ഒതുക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ജിഎസ്‌ടി കൗൺസിൽ കേന്ദ്രസര്‍ക്കാരിന്റെ തന്നിഷ്ടം ഏകപക്ഷീയമായി നടപ്പാക്കാനുള്ള വേദി മാത്രമായി അധഃപതിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ശബ്ദം ഉയർത്താനുള്ള ഏകവേദിയായി പാർലമെന്റ് അവശേഷിക്കുന്നു. അതിനു കൂച്ചുവിലങ്ങിടുന്ന നടപടികളാണ് ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ നടപടികൊണ്ട് ജനങ്ങളോട് പ്രതിബദ്ധതയുള്ള പ്രതിപക്ഷം അടങ്ങിയിരിക്കുമെന്നു പ്രതീക്ഷിക്കാനാവില്ല. അത് പാർലമെന്റിൽ കൂടുതൽ പ്രക്ഷുബ്ധമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കാരണമാവും. പ്രതിപക്ഷവും പ്രതിഷേധവും വിമർശനവും ഇല്ലാത്ത പാർലമെന്റാണ് മോഡി നേതൃത്വം നല്കുന്ന ഫാസിസ്റ്റു സ്വേച്ഛാധിപത്യം ആഗ്രഹിക്കുന്നത്. അത്തരം ഒരു പാർലമെന്റിനെ ജനകീയ പ്രതിഷേധങ്ങളുടെയും ചെറുത്തുനില്പുകളുടെയും വേദിയാക്കാൻ പ്രതിപക്ഷം നിർബന്ധിതമായിരിക്കുന്നു. പ്രതിപക്ഷത്തിന്റെ ഈ ജനകീയ പോരാട്ടത്തിന് പാർലമെന്റിനു പുറത്ത് ജനങ്ങളുടെ വിപുലമായ പിന്തുണ അനിവാര്യമാണ്. അത് രാജ്യത്തെ പാർലമെന്ററി ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടം കൂടിയാണ്.
ഇതുകൂടി വായിക്കൂ: വാക്കുകളെയും പ്രതിഷേധങ്ങളെയും ഭയക്കുന്നവര്‍
പാർലമെന്റിന്റെ വർഷകാല സമ്മേളനം ആറുദിവസം പിന്നിടുമ്പോൾ പ്രതിപക്ഷ സഹകരണത്തോടെ പാർലമെന്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള യാതൊരു ഉദ്ദേശ്യവും തങ്ങൾക്കില്ലെന്ന് മോഡി സർക്കാർ ആവർത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് ദിവസങ്ങളിലായി ലോക്‌സഭയിൽ 27 ഉം രാജ്യസഭയിൽ 16 ഉം ശതമാനം വീതമേ ബിസിനസ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളു. സമ്മേളനത്തിന് മുന്നോടിയായി നടന്ന സഭയിലെ കക്ഷിനേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. പാർലമെന്റിനെയും അതിന്റെ ബിസിനസിനെയും പ്രധാനമന്ത്രിയും ഭരണകൂടവും എത്രത്തോളം അവജ്ഞയോടെയാണ് സമീപിക്കുന്നതും അവഗണിക്കുന്നതും എന്നതിന് ഇതിലേറെ തെളിവുകളുടെ ആവശ്യം ഇല്ല. ജനങ്ങളെയും ജനകീയ പ്രശ്നങ്ങളെയും അപ്പാടെ അവഗണിച്ച് തന്റെ ഫാസിസ്റ്റ് സ്വേച്ഛാധിപത്യം രാജ്യത്തിനുമേൽ അടിച്ചേല്പിക്കാനുള്ള കുറുക്കുവഴിയിലാണ് മോഡി സഞ്ചരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ ന്യായവിചാരം നടത്തുന്ന മുഖ്യധാരാ മാധ്യമങ്ങൾ ഫാസിസത്തിലേക്കുള്ള മോഡിയുടെ ആ യാത്രയ്ക്ക് കുടപിടിക്കുന്നു. ഇവിടെയാണ് പ്രബുദ്ധരായ ജനങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത ചെറുത്തുനില്പ് പ്രസക്തമാകുന്നത്.