Site iconSite icon Janayugom Online

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാന്‍ മോഡി സര്‍ക്കാര്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാര ഭീഷണി തുടരുകയാണെങ്കില്‍ താരിഫ് വെട്ടിക്കുറയ്ക്കുക, കൂടുതല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുക തുടങ്ങിയ കീഴടങ്ങല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മോഡി സര്‍ക്കാര്‍ ആലോചിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാര മിച്ചം 35.3 ദശലക്ഷം ഡോളറായിരുന്നു. ഇത് കുറയ്ക്കാന്‍ ട്രംപ് രണ്ടാമൂഴത്തില്‍ സ്വീകരിച്ചേക്കാവുന്ന എല്ലാ നടപടികളെയും പ്രതിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്. 

യുഎസില്‍ നിന്ന് കൂടുതല്‍ വിസ്കി, ഉരുക്ക്, എണ്ണ എന്നിവ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ബര്‍ബണ്‍ വിസ്കി, പെക്കണ്‍ പരിപ്പ് പോലുള്ള ഉല്പന്നങ്ങളാണ് പട്ടികയിലുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സോയാബീന്‍, പാലുല്പന്നങ്ങള്‍, വാഹനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വിമാനങ്ങള്‍ എന്നിവയും കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് രാഷ്ട്രീയ ആധിപത്യമുള്ള അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ തീരുവ കുറയ്ക്കുക എന്നതാണ് പരിഗണനയിലുള്ള മറ്റൊരു നിര്‍ദേശം.

ട്രംപിനോടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കല്‍ തന്ത്രത്തിന്റെ ഭാഗമായാണ് ഇക്കാര്യങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ട്രംപ് ഭരണകൂടത്തെ പ്രീതിപ്പെടുത്താനായി യുഎസില്‍ നിന്ന് 18,000 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെയെങ്കിലും നരേന്ദ്ര മോഡി ഇടപെട്ട് തിരിച്ചുവരുത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ‍്തിരുന്നു. എന്നാല്‍ ഇതടക്കമുള്ള കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ കേന്ദ്ര വാണിജ്യകാര്യ മന്ത്രാലയം വക്താവ് ഇതുവരെ തയ്യാറായിട്ടില്ല. തന്ത്രങ്ങള്‍ അന്തിമമായിട്ടില്ലെന്നും ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

യുഎസ് ചൈനയ്ക്ക് ഉയര്‍ന്ന താരിഫും നൂതന സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയാല്‍ ഇലക‍്ട്രോണിക്സ് സാധനങ്ങള്‍, ഹൈടെക് മെഷീനുകള്‍, തുണിത്തരങ്ങള്‍, പാദരക്ഷകള്‍, രാസവസ്തുക്കള്‍ എന്നീ മേഖലകളില്‍ നേട്ടമുണ്ടാക്കാമെന്ന് ഇന്ത്യ കരുതുന്നു. ഡാറ്റാ നിയന്ത്രണങ്ങള്‍, ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍, ഇ‑കൊമേഴ‍്സ് വിഷയങ്ങളില്‍ ട്രംപ് ഭരണകൂടം ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. തീരുവ 10 മുതല്‍ 20 ശതമാനം വരെ ഈടാക്കുന്നത് ഇന്ത്യയുടെ വാഹന ഉപകരണങ്ങള്‍, ലോഹ കയറ്റുമതി എന്നിവ വര്‍ധിക്കാന്‍ സഹായിക്കുമെന്നും കരുതുന്നു.

Exit mobile version