Site iconSite icon Janayugom Online

അഡാനിക്കെതിരായ അന്വേഷണം; ഒളിച്ചുകളിച്ച് മോഡി സര്‍ക്കാര്‍

അഡാനി ഗ്രൂപ്പും മറ്റ് കോർപറേറ്റുകളും ഉൾപ്പെട്ട അഴിമതികൾ അന്വേഷിക്കുന്നതില്‍ ഒളിച്ചുകളിച്ച് നരേന്ദ്ര മോഡി സർക്കാർ. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പാർലമെന്റില്‍ ഏഴ് തവണയെങ്കിലും മോഡി സര്‍ക്കാര്‍ ഉറപ്പ് നൽകിയെങ്കിലും വിവാദങ്ങളും ജനരോഷവും കെട്ടടങ്ങിയതോടെ അന്വേഷണം മരവിപ്പിച്ചതായി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ്.
അഡാനി ഗ്രൂപ്പ്, അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്, എസ്സാർ, ജിൻഡാൽസ് തുടങ്ങി 40 കമ്പനികള്‍ ഉൾപ്പെട്ട കൽക്കരി ഇറക്കുമതിയിൽ വൻ തട്ടിപ്പിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) കണ്ടെത്തിയിരുന്നു. രാജ്യത്തെ വൈദ്യുത നിലയങ്ങള്‍ക്കായി ഇന്തോനേഷ്യയില്‍ നിന്ന് കൽക്കരി ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് ഈ കമ്പനികള്‍ വര്‍ധിപ്പിച്ചു. ഇതുവഴി ഉയർന്ന വൈദ്യുതി ബില്ലാണ് രാജ്യത്തെ ഓരോ സാധാരണക്കാരനും നൽകിയതെന്നാണ് ആരോപണം. ഇറക്കുമതി ചെയ്ത കമ്പനികളുടെ ഉടമകളില്‍ ചിലർക്ക് ബിജെപിയുമായി അടുപ്പമുണ്ടെന്ന് കരുതപ്പെടുന്നു.

അഡാനി ഉള്‍പ്പെടെ കമ്പനികള്‍ക്കെതിരെയുള്ള അന്വേഷണത്തിന്റെ പുരോഗതി, കണ്ടെത്തലുകള്‍ എന്നിവ പാര്‍ലമെന്റ് അംഗങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്.
അടുത്ത ആറ് വർഷത്തേക്ക്, പാർലമെന്റിന്റെ ഇരുസഭകളിലെയും അഷ്വറൻസ് കമ്മിറ്റികൾ സര്‍ക്കാരിനോട് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ തേടണം. അന്വേഷണം സംബന്ധിച്ച കൂടുതൽ കാര്യങ്ങള്‍ വെളിപ്പെടുത്താൻ ആവർത്തിച്ച് ആവശ്യപ്പെടണം. അഞ്ച് വർഷം മുമ്പ് രേഖകളും വിശദാംശങ്ങളും സമർപ്പിച്ചതിന് ശേഷം ഡിആർഐ കൂടുതൽ വിവരങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും കമ്പനികള്‍ പറയുന്നു. തങ്ങള്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ലെന്നേ കോര്‍പറേറ്റുകള്‍ പറയൂ. എന്നാല്‍ ഭരണനേതൃത്വം ലോക‍്സഭയിലൂടെ പൗരന്മാരോട് ഇതിനെല്ലാം ഉത്തരം പറയേണ്ടിവരുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. ഇരുസഭകളിലും നൽകിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാല്‍ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പാർലമെന്റിലെ വിപുലമായ നടപടിക്രമങ്ങളിലൂടെ കഴിയും.

അഡാനി ഗ്രൂപ്പിനെതിരായ അഴിമതിക്കേസ് 2016ൽ വീണ്ടും പാർലമെന്റിൽ ഉയർന്നു. കൽക്കരി ഇറക്കുമതിയുടെ അമിത വിലനിർണയം സംബന്ധിച്ച അന്വേഷണത്തിന്റെ സ്ഥിതിയെക്കുറിച്ചും അറസ്റ്റിലായ ആളുകളുടെ എണ്ണത്തെക്കുറിച്ചും അന്നത്തെ വൈദ്യുതി മന്ത്രിയോട് ചോദിച്ചു. ഡിആർഐ വിഷയം അന്വേഷിക്കുകയാണെന്ന് മാത്രമാണ് മറുപടി നല്‍കിയത്. ഇത് സര്‍ക്കാരിന്റെ ഉറപ്പായി കണക്കാക്കി. അന്വേഷണത്തിന്റെ സ്ഥിതിയും കണ്ടെത്തലുകളും പങ്കിടാൻ സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല. പകരം ഈ വിഷയത്തിൽ പാർലമെന്റില്‍ ചോദ്യം ചെയ്യുന്നത് നിർത്തണമെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. 

അന്വേഷണത്തിന്റെ വിശദാംശങ്ങൾ നൽകുമ്പോൾ തങ്ങള്‍ നല്‍കിയ ഉറപ്പ് പിന്‍വലിക്കണമെന്ന കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ അഭ്യർത്ഥന 2018 മാർച്ചിൽ രാജ്യസഭ കമ്മിറ്റി നിരസിച്ചു. എന്നാൽ, വിശദാംശങ്ങളൊന്നും നൽകാതെ ബിജെപി സർക്കാർ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു.
അഡാനി കമ്പനിക്കെതിരായ അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യം സർക്കാരിന് മുന്നിൽ വീണ്ടും ഉയർന്നതായി 2021 ലെ രാജ്യസഭയുടെ അഷ്വറൻസ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉറപ്പ് നടപ്പാക്കാത്തത് ആശങ്കയുണ്ടാക്കുന്നതാണെന്നും അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും കേന്ദ്ര ഊർജ മന്ത്രാലയത്തോട് രാജ്യസഭാ കമ്മിറ്റി പറഞ്ഞു. എന്നാല്‍ അഷ്വറന്‍സ് കമ്മിറ്റിയും ഈ വിഷയത്തില്‍ മലക്കംമറിയുകയും പിന്നീട് അന്വേഷണം ഉപേക്ഷിക്കുകയും ചെയ‍്തെന്നും റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് പറയുന്നു. 

ഒരേ മറുപടി

2015 നും 2016 നും ഇടയിൽ, കൽക്കരി ഇറക്കുമതിയുടെ അമിത വിലയെക്കുറിച്ച് ധനം, ഊർജ, കൽക്കരി മന്ത്രാലയങ്ങളോട് പാർലമെന്റിൽ കുറഞ്ഞത് ആറ് ചോദ്യങ്ങളെങ്കിലും ഉന്നയിച്ചു. ഓരോ ചോദ്യത്തിനും, വിഷയം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് അന്വേഷിക്കുന്നു എന്ന് മാത്രമാണ് എല്ലാ മന്ത്രാലയങ്ങളും മറുപടി നല്‍കിയത്. ലോക‍്സഭയില്‍ മന്ത്രിമാര്‍ നല്‍കുന്ന ഉറപ്പുകള്‍ പാലിക്കുകയും മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കുകയും വേണം. അഷ്വറന്‍സ് കമ്മിറ്റി ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുകയും വേണം.

Eng­lish Sum­ma­ry: Modi govt hides inves­ti­ga­tion against Adani

You may also like this video

Exit mobile version