Site iconSite icon Janayugom Online

മലയോര വികസനത്തിനുപകരിക്കുന്ന ശബരി റെയിൽവേ പദ്ധതി മോഡി സര്‍ക്കാര്‍ അട്ടിമറിക്കുന്നു: അജി ബി റാന്നി

sabarisabari

മലയോര പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും അയ്യപ്പഭക്തന്മാരുടെ യാത്രാസൗകര്യത്തിന് ഉതകുന്നതുമായ ശബരി റെയിൽവേ അനിവാര്യ മാണെന്നും പദ്ധതി അട്ടിമറിക്കുവാനുള്ള ചില ഗൂഡ ശക്തികളുടെ ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാർ കൂട്ടുനിൽകരുതെന്നും ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ
(ഹിൽഡെഫ്) ജനറൽ സെക്രട്ടറി അജി ബി റാന്നി പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

നാളിതുവരെ 264 കോടി രൂപ കേന്ദ്ര സർക്കാർ പദ്ധതിക്കായി വിനിയോഗിച്ചു. 100 കോടി രൂപ കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിക്കുകയും,പദ്ധതി ചെലവിന്റെ ആകെത്തുകയുടെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കുന്നതിന്റെ ഭാഗമായി 2000കോടി രൂപ കിഫ്‌ബിയിൽ ഉൾപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ചിലർ പദ്ധതിയെക്കുറിച്ച് ആശങ്ക സൃഷ്ടിക്കുന്നതിന്റെ കാരണമെന്തെന്ന് മലയോര നിവാസികൾക്ക് അറിയുവാൻ താല്പര്യമുണ്ട്. 

വാജ്പേയ്‌ സർക്കാർ തുടങ്ങിയ പദ്ധതി — മോഡി സർക്കാർ അട്ടിമറിക്കുന്നത് മലയോര നിവാസികളോടുള്ള അവഹേളനമാണ്. ഇതിനു പിന്നിലുള്ള രാഷ്ട്രീയമായ ഗൂഢാലോചനയെന്തെന്ന് വ്യക്തമാക്കണം. 

ശബരി പാതയ്ക്ക് അയ്യപ്പഭക്തന്മാരെ മാത്രമാണ് യാത്രക്കാരായി ലഭിക്കുക എന്നത് ചിലരുടെ മാത്രം കണ്ടുപിടിത്തം മാണ്. ഇതിനു പുറകിൽ എന്തെങ്കിലും സ്വാർത്ഥ താല്പര്യങ്ങൾ കാണുമായിരിക്കാം. മലയോര പ്രദേശത്ത് വസിക്കുന്നവർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം വേണ്ടന്നും റബ്ബർ,ഏലം, കുരുമുളക്, കാപ്പി, തേയില തുടങ്ങിയ കർഷകരെയും അനന്ത സാധ്യതയുള്ള ടൂറിസം പദ്ധതിയും കണ്ടില്ലെന്ന് ഇവർ നടിക്കുന്നു.

ഇക്കാലമത്രയും ഇല്ലാത്ത ആശങ്ക ഇപ്പോൾ എങ്ങനെയുണ്ടായിയെന്നത് ഗൗരവമായി പരിശോധിക്കണം. ശബരി പാതയ്ക്ക് ബദലായി വെക്കുന്ന പദ്ധതി ശബരിമല തീർത്ഥാടകർക്ക് വേണ്ടി മാത്രമുള്ളതാണെന്ന്ഇക്കൂട്ടർ പറയുന്നു. നിർദ്ദൃഷ്ട ശബരി പാതയും തീർത്ഥടകാരുടെ സൗകര്യത്തിന് എരുമേലിയിൽ നിന്ന് വനത്തിലൂടെ പമ്പയിലേയ്ക്ക് നീട്ടാവുന്നതാണ്. വനം ഒഴിവാക്കാനാണ് എരുമേലി വരെയാക്കി മുൻപ് അലൈൻമെന്റ് ചുരുക്കിയത്.

ചെങ്ങന്നൂരിൽ നിന്ന് നദിയിലൂടെയും വനത്തിലൂടെയും പമ്പയിലേയ്ക്ക് വർഷത്തിൽ 3 മാസം മാത്രം പ്രവർത്തിക്കുന്ന 13000 കോടിയുടെ ആകാശ റെയിൽവേ കേന്ദ്ര സർക്കാരിന്റെ ചിലവിൽ നിർമ്മിക്കുമെന്ന് പറഞ്ഞ് അങ്കമാലി ‑ശബരി റെയിൽവേ നിർമ്മാണം കേന്ദ്ര സർക്കാർ ഉപേക്ഷിക്കുമ്പോൾ 25 വർഷം മുൻപ് കല്ലിട്ട് തിരിച്ച ശബരി റെയിൽവേ സ്ഥലം ഉടമകളുടെ പ്രശ്നങ്ങൾക്ക് കേന്ദ്രസർക്കാർ പരിഹാരം കണ്ടെത്തുമോയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കണമെന്ന് അജി ആവശ്യപ്പെട്ടു.

ശബരി പാത എന്നാൽഅങ്കമാലി മുതൽ എരുമേലി വരെ മാത്രം മതിയെന്നാണ് ചിലരുടെ ആവശ്യം. എന്നാൽ എരുമേലിയിൽ നിർത്താതെ റാന്നി- പത്തനംതിട്ട ‑കോന്നി- പത്തനാപുരം- പുനലൂർ ‑നെടുമങ്ങാട്- തിരുവനന്തപുരം വരെ നീട്ടിയാലേ ശബരി റെയിൽവേ പദ്ധതി കൊണ്ട് പൂർണ്ണ പ്രയോജനം ലഭിക്കൂവെന്ന് റാന്നി മുൻ എംഎൽഎ രാജു എബ്രഹാം ചെയർമാനും അജി ബി. റാന്നി ജനറൽ കൺവീനറുമായ ശബരി റെയിൽവേ ആക്ഷൻ കൗൺസിലിന്റെ ആവശ്യമായിരുന്നു. 

ശബരി റെയിൽവേ പദ്ധതികൊണ്ട് മലയോര പ്രദേശത്തിന് ഗുണം ലഭിക്കണമെങ്കിൽ എറണാകുളം ‑ഇടുക്കി ‑കോട്ടയം ‑പത്തനംതിട്ട ‑കൊല്ലം — തിരുവനന്തപുരം എന്നീ ജില്ലകളിലെ മലയോര പ്രദേശങ്ങളിലൂടെ പാത കടന്നു പോകണം അതിനായി സംസ്ഥാന സർക്കാരും ജനപ്രതിനിധികളും മുന്നിട്ടിറങ്ങണം. 

മലയോര പ്രദേശത്തിന്റെ വികസനം സ്വപ്നതുല്യമാകുന്ന നിര്‍ദിഷ്ട ശബരി റെയിൽവേ പദ്ധതി അട്ടിമറിക്കുവാൻ മലയോര ജനത ആരെയും അനുവദിക്കില്ല. ശബരി റെയിൽവേ എന്നത് കേരളത്തിന്റെ സമസ്ത മേഖലകളുടെയും വികസന കുതിപ്പിന് വഴിവെക്കുന്ന പദ്ധതിയാണ്. 

നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ടും യാഥാർത്ഥ്യമാകുന്നതോടുകൂടി ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളുടെ വികസനം കുതിച്ചുയരും. മലയോര പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വഴിവയ്ക്കുന്ന പദ്ധതികളായ ശബരി റെയിൽവേയും നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ടും
സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ ഹിൽഡെഫ് കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലെ ഉൾപ്പെടെ ലോകമെമ്പാടുമുള്ള അയ്യപ്പഭക്തന്മാരുടെയും, മലയോര ജനങ്ങളുടെയും പിന്തുതേടും. അതിന്റെ പ്രാരംഭ നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടന്നും അജി ബി റാന്നി, എസ് പുഷ്പവതി എന്നിവർ പറഞ്ഞു.

Eng­lish Sum­ma­ry: Modi Govt is Sab­o­tag­ing Sabari Rail­way Project for Hill Devel­op­ment: AJI B Ranni

You may also like this video

Exit mobile version