Site iconSite icon Janayugom Online

രാജ്യം വില്പനയ്ക്കുവച്ച് കേന്ദ്രസര്‍ക്കാര്‍

കോവിഡ് മഹാമാരിയെ രാജ്യത്തെ വില്ക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റുന്ന കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന മേഖലയടക്കം വിറ്റ് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരാഴ്ച മുമ്പ് തന്നെ ഇതിന്റേതായ സൂചനകള്‍ പുറത്തുവന്നിരുന്നു. കോവിഡ് വളരെ മോശമായി ബാധിച്ചതിനാല്‍ തന്ത്രപരമായ വില്പന ബുദ്ധിമുട്ടായിരിക്കുമെന്ന മുന്‍വിധി പ്രഖ്യാപിച്ച് ബജറ്റില്‍ നിര്‍ദ്ദേശിച്ച വില്പനാലക്ഷ്യം നേടുന്നതിന് ചുളുവിലയ്ക്ക് വില്ക്കുവാന്‍ പോകുന്നുവെന്ന സൂചന നല്കിയത് പൊതുമേഖലാ ആസ്തികളും നിക്ഷേപവും കൈകാര്യം ചെയ്യുന്നതിനുള്ള സമിതി (ഡിപാം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡേയായിരുന്നു. മതിയായ വിലയ്ക്ക് ഓഹരി വാങ്ങുവാന്‍ ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ ലേലക്കാര്‍ തയാറായേക്കില്ലെന്നും എന്നാല്‍ വില്പന അനിവാര്യമാണെന്നുമുള്ള പാണ്ഡേയുടെ വാക്കുകള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. കമ്പനികള്‍ ഏറ്റെടുക്കുന്നതിന് കൂടുതല്‍ പേര്‍ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഉദ്ദേശിച്ച വില നല്കുവാന്‍ സന്നദ്ധമാകുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

കഴിഞ്ഞ ഏഴ് വര്‍ഷവും പൊതുമേഖലാ സ്ഥാപന വില്പനയിലൂടെ ധനസമാഹരണം നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്രം മുന്നോട്ടുവച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം 1.75 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിടുന്നത്. 8,358 കോടിരൂപ മാത്രമേ ഇതുവരെ ലഭ്യമായിട്ടുള്ളൂ. രണ്ട്പൊതുമേഖലാ ബാങ്കുകളും ഇന്‍ഷുറൻസ് കമ്പനികളില്‍ ഒന്നും വില്പന നടത്തുമെന്നായിരുന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നതെങ്കിലും അവ ഏതൊക്കെയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മഹാമാരിയുടെ രണ്ടാം തരംഗത്തെതുടര്‍ന്നുള്ള നിയന്ത്രണങ്ങളാല്‍ വില്പന നടപടികള്‍ നാലുമാസത്തോളം വൈകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി കുറഞ്ഞ വിലയ്ക്ക് വില്പന നടത്തി ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് പാണ്ഡേയുടെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്.

ഇതിന് പിറകേയാണ് നാലുകൊല്ലം കൊണ്ട് ആറു ലക്ഷം കോടി രൂപ സമാഹരിക്കുവാനുള്ള പദ്ധതി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ത­ന്നെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയും ബിഒടി (നിര്‍മ്മിച്ച് നടത്തിപ്പിന് ശേഷം തിരികെ നല്കുക) അടിസ്ഥാനത്തിലും റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാ­ന സൗകര്യങ്ങള്‍ സ്വകാര്യവല്ക്കരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. അതിന് പിറകേയാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ദേശീയ പാതകളും മറ്റ് പാതകളും വിറ്റ് 1.6 ലക്ഷം കോടിരൂപ സമാഹരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

400 റയില്‍വേ സ്റ്റേഷനുകള്‍, 150 തീവണ്ടികള്‍, ചരക്കു നീക്കത്തിനുള്ള സംവിധാനങ്ങള്‍, തീവണ്ടിപ്പാതകള്‍ എന്നിവ വില്പന നടത്തി 1.5 ലക്ഷം, പ്രകൃതി വിഭവങ്ങളും അസംസ്കൃത വസ്തുക്കളും സംസ്കരിക്കുന്നതിനുള്ള എന്‍എച്ച്പിസി, എന്‍ടിപിസി, നെയ്‍വേലി ലിഗ്നൈറ്റ് തുടങ്ങിയവയുടെ വില്പന വഴി 32,000, ഊര്‍ജ്ജ വിതരണ ലൈനുകള്‍ വിറ്റ് 67,000 കോടി വീതമാണ് സമാഹരണ ലക്ഷ്യം.

ഇതിന് പുറമേ ഡല്‍ഹി ദേശീയ സ്‌റ്റേഡിയം, സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍, കോഴിക്കോട് ഉള്‍പ്പെടെ 25 വിമാനത്താവളങ്ങള്‍, ഒമ്പതു പ്രധാന തുറമുഖങ്ങളിലെ 31 പദ്ധതികള്‍ എന്നിവയുടെയും വില്പന പ്രഖ്യാപിച്ചതില്‍ ഉള്‍പ്പെടുന്നു. വിവര സാങ്കേതിക രംഗത്ത് സുപ്രധാന പങ്കുവഹിക്കാവുന്നതും കോര്‍പ്പറേറ്റുകള്‍ക്ക് വളരെയധികം ഉപകാരപ്രദവുമാകുന്ന 2.6 ലക്ഷം കി മീ ലൈന്‍ ബിഎസ്എന്‍എല്ലിന്റെ വകയായും വിറ്റൊഴിക്കും. റിലയന്‍സ് ഉള്‍പ്പെടെയുള്ള ഭീമന്മാര്‍ക്ക് ചുളുവില്‍ രാജ്യത്തിന്റെ വിവര സാങ്കേതിക മേഖല കയ്യടക്കുന്നതിന് എല്ലാ മൊബൈല്‍ ടവറുകളും വില്പനയ്ക്കു വച്ചിട്ടുണ്ട്. പ്രകൃതി വാതകം, വ്യോമഗതാഗതം, ഭക്ഷ്യ പൊതുവിതരണം, ജലഗതാഗതം, ഖനനം, കല്‍ക്കരി, നഗര കാര്യം തുടങ്ങിയ സുപ്രധാനമായ മന്ത്രാലയങ്ങളിലെ ആസ്തികളാണ് വിറ്റൊഴിവാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്.

ഈ പ്രഖ്യാപനത്തിലൂടെ രാജ്യത്തെയാകെ വില്ക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് ഫലത്തില്‍ ധനമന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്. സാധാരണ ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയാണ് വില്പന പ്രഖ്യാപിക്കാറുള്ളത്. അതിന് വിരുദ്ധമായി വാര്‍ത്താസമ്മേളനം വിളിച്ചുള്ള ഇപ്പോഴത്തെ പ്രഖ്യാപനം ബജറ്റുകളെ തന്നെ അപ്രസക്തമാക്കുന്ന ഭരണഘടനാ വിരുദ്ധ നടപടിയാണ്. ലാഭകരമായ പൊതുമേഖലാ സംരംഭങ്ങള്‍ വഴി രാജ്യത്തിന്റെ ഖജനാവിലെത്തുന്ന വരുമാനം ഉള്‍പ്പെടെയാണ് സാധാരണക്കാരന് സഹായഹസ്തമായി മാറാറുള്ളത്. ഇന്‍ഷുറന്‍സ് പോലുള്ള സംരംഭങ്ങളില്‍ നിന്നുള്ള ലാഭം വികസന പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കപ്പെടുന്നുണ്ട്. ഇവയെല്ലാം സ്വകാര്യ സംരംഭകരുടെ കയ്യിലെത്തുന്ന സാഹചര്യം രാജ്യത്ത് വികസന പ്രക്രിയകള്‍ തടസപ്പെടുന്ന അവസ്ഥയിലെത്തിക്കുമെന്നതാണ് വില്പനയുടെ പ്രധാന അപകടങ്ങളില്‍ ഒന്ന്. സര്‍ക്കാരിന്റെ വരുമാനത്തില്‍ കുറവുണ്ടാകുമ്പോള്‍ നിത്യനിദാന ചെലവുകള്‍ക്കുവേണ്ടി പൊതുജനങ്ങളുടെ മേല്‍ നികുതിഭാരം വര്‍ധിപ്പിക്കുവാന്‍ നിര്‍ബന്ധിതമാകുമെന്ന മറ്റൊരു അപകടവും ഇതിന് പിന്നിലുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ — കോര്‍പ്പറേറ്റുകളുടെ കയ്യിലെത്തുമ്പോള്‍ രാജ്യത്തിന്റെ സുരക്ഷിതത്വവും വ്യക്തികളുടെ സ്വകാര്യതയും മനുഷ്യാവകാശങ്ങളും അപകടത്തിലാകുമെന്ന ഏറ്റവും വലിയ പ്രത്യാഘാതം കൂടി ഈ വില്പനയ്ക്കു പിന്നില്‍ പതിയിരിക്കുന്നുണ്ട്. ആത്മ നിര്‍ഭര്‍ (സ്വാശ്രയത്വം) എന്ന് നാഴികയ്ക്കു നാല്പതുവട്ടം ഉരുവിടുന്ന സംഘപരിവാറിന്റെയും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെയും രാജ്യ വിരുദ്ധത വെളിപ്പെടുത്തുന്നത് കൂടിയാണ് മന്ത്രി നിര്‍മ്മലാ സീതാരാമന്റെ വില്പനാ പ്രഖ്യാപനങ്ങള്‍.

Exit mobile version