Site iconSite icon Janayugom Online

മോഡി ട്രേഡ് യൂണിയനുകളെ തകർക്കാൻ ശ്രമിക്കുന്നു: വഹിദ നിസാം

പ്രധാനമന്ത്രി നരേന്ദ്ര മോഡി, അഡാനി-അംബാനി തുടങ്ങിയ കോർപറേറ്റുകൾക്കായി ട്രേഡ് യൂണിയനുകളെ തകർക്കാൻ വിവിധ നിയമങ്ങൾ കൊണ്ടുവരികയാണെന്ന് എഐടിയുസി ദേശീയ സെക്രട്ടറി വഹിദ നിസാം. എഐടിയുസി സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 1933ൽ ഹിറ്റ്ലർ ജർമ്മനിയിൽ തെരഞ്ഞെടുപ്പ് ഫണ്ടിനായി കോർപറേറ്റുകളുടെ യോഗം വിളിച്ചപ്പോൾ, അവരുടെ ആവശ്യം കമ്മ്യൂണിസ്റ്റുകാരെയും ട്രേഡ് യൂണിയനുകളെയും നിരോധിക്കണമെന്നായിരുന്നു.

വിജയിച്ചുവന്ന ഹിറ്റ്ലർ അതു നടപ്പിലാക്കുകയും ചെയ്തു. ഇന്ത്യയിൽ നരേന്ദ്രമോഡി ഇതേ പ്രവർത്തനം ലേബർ കോഡുകളുടെയും മറ്റു പല നിയമങ്ങളുടെയും പിന്തുണയോടെ നടപ്പിലാക്കുകയാണെന്ന് വഹിദ നിസാം പറഞ്ഞു. ജനങ്ങൾക്ക് തൊഴിലും ഭക്ഷണവും നൽകാൻ ബാധ്യസ്ഥരായ കേന്ദ്രസർക്കാർ അത് ചെയ്യുന്നില്ല. വർഗീയ വിഷം രാജ്യമാകെ വ്യാപിപ്പിക്കുവാൻ മാത്രമാണ് കേന്ദ്രത്തിനും ബിജെപിക്കും ഇക്കാലയളവിൽ സാധിച്ചത്. ലേബർ കോഡുകൾ നടപ്പിലാക്കിയാൽ 96 ശതമാനം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ജീവിതം നരകതുല്യമാകും. വർഗീയതയെ വർഗ ഐക്യത്താൽ ചെറുത്തുതോല്പിക്കണമെന്നും വഹിദ നിസാം കൂട്ടിച്ചേർത്തു.

സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. ദേശീയ സെക്രട്ടറി ആർ പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, എഐടിയുസി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ആർ സജിലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ ജി ശിവാനന്ദൻ സ്വാഗതം പറഞ്ഞു. ടി ജെ ആഞ്ചലോസ് പതാക ഉയർത്തി. ഇന്ന് രാവിലെ 9.30ന് സംഘടന സെഷൻ തുടരും. 2.30ന് സമരവിജയ സ്മരണ. വിവിധ തൊഴില്‍ സമരങ്ങളിലും നിയമ പോരാട്ടങ്ങളിലും മാതൃകാ പ്രവർത്തനത്തിലും വിജയിച്ചവരെ ആദരിക്കും. ജില്ലാ പ്രസിഡന്റ് ടി കെ സുധീഷ് അധ്യക്ഷത വഹിക്കും. ആർ പ്രസാദ് ഉദ്ഘാടനം ചെയ്യും. പി ബാലചന്ദ്രൻ എംഎൽഎ, വി എസ് സുനിൽകുമാർ, സി സി മുകുന്ദൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, ടി ആർ രമേഷ്‌കുമാർ, വി കെ ലതിക, എം രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും.

Exit mobile version