രാജ്യത്തെ 27 കോടിയോളം വൈദ്യുതി ഉപഭോക്താക്കളുടെ മേല്‍ വിലയേറിയ സ്മാര്‍ട്ട് മീറ്റര്‍ അടിച്ചേല്പിച്ച് കൊള്ള നടത്താനുള്ള കേന്ദ്രത്തിന്റെ ജനദ്രോഹ പദ്ധതിക്ക് കളമൊരുങ്ങി. 25 ശതമാനത്തിലധികം പ്രസരണ നഷ്ടമുള്ള സംസ്ഥാനങ്ങള്‍ സ്മാര്‍ട്ട് മീറ്റര്‍ കരാറില്‍ ഒപ്പുവയ്ക്കണമെന്ന കേന്ദ്ര വൈദ്യുതി മന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ അന്ത്യശാസന തീയതി ജൂണ്‍ 14ന് കടന്നുപോയി. കേരളത്തിന്റെ പ്രസരണ നഷ്ടം വെറും ഒമ്പത് ശതമാനമാണെങ്കിലും 25 ശതമാനത്തില്‍ താഴെ പ്രസരണ നഷ്ടമുള്ള സംസ്ഥാനങ്ങളും അടുത്തവര്‍ഷം ഡിസംബര്‍ 31ന് മുമ്പ് കരാറില്‍ ഒപ്പുവയ്ക്കണമെന്നാണ് അന്ത്യശാസനം. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയെ തുടക്കം മുതല്‍ തന്നെ കേരളം എതിര്‍ത്തിരുന്നത് പതിയിരിക്കുന്ന മഹാകുംഭകോണവും ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന പദ്ധതിയും മനസിലാക്കിയാണ്. കേരളത്തില്‍ 1.38 കോടി ഉപഭോക്താക്കളാണുള്ളത്. ഇന്ത്യയില്‍ 26.69 കോടിയിലേറെയും. ഇന്ത്യയില്‍ സ്മാര്‍ട്ട് വൈദ്യുതി മീറ്റര്‍ നിര്‍മ്മിക്കുന്ന ലാര്‍സന്‍ ആന്‍ട്യൂബോ അടക്കമുള്ള 35 വമ്പന്‍ കമ്പനികളാണുള്ളത്. മീറ്റര്‍ കച്ചവടത്തിലൂടെ ഈ കുത്തകകള്‍ക്ക് സഹസ്ര കോടികളുടെ ലാഭച്ചാകരയൊരുക്കുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് 40 ശതമാനം കമ്മിഷന്‍ ലഭിക്കുമെന്നാണ് വിപണിവൃത്തങ്ങളുടെ വിലയിരുത്തല്‍. അതായത് ഇന്ത്യ ദര്‍ശിച്ച ഏറ്റവും വലിയ സ്മാര്‍ട്ട് കുംഭകോണം.
കേരളത്തില്‍ പദ്ധതി നടപ്പായാല്‍ 1.044 കോടി ഗാര്‍ഹിക ഉപഭോക്താക്കളാണ് സ്മാര്‍ട്ട് മീറ്റര്‍ കച്ചവടത്തിലൂടെ കൊള്ളയടിക്കപ്പെടുക. അഞ്ചേകാല്‍ ലക്ഷത്തോളം കാര്‍ഷിക, 25.78 ലക്ഷം വാണിജ്യ, 18,000ല്‍പരം വ്യാവസായിക ഉപഭോക്താക്കളും മാത്രമല്ല 68,666 പൊതു വഴിവിളക്കുകളും വരെ കൊള്ളയ്ക്ക് ഇരയാകും. കേരളത്തിലെ 80 ശതമാനത്തിലേറെ വരുന്ന ഗാര്‍ഹിക ഉപഭോക്താക്കളും സ്മാര്‍ട്ട് വേട്ടയ്ക്കിരയാവുന്നതോടെ ജീവിതഭാരം വര്‍ധിക്കും. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതുകൊണ്ട് വൈദ്യുതി നിരക്കു കുറയുകയില്ലെന്നാണ് വിദഗ്ധപക്ഷം. ഇന്ത്യയൊട്ടാകെ ആദ്യഘട്ടമായി മൂന്നു ലക്ഷം കോടി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. നിലവിലുള്ള 2500 കോടി പരമ്പരാഗത മീറ്ററുകളാണ് ആദ്യഘട്ടത്തില്‍ ഇളക്കിമാറ്റുക. മീറ്ററൊന്നിന് 2,922 രൂപയാണ് ലാര്‍സന്‍ ആന്റ് ട്യൂബ്രോയുടെ വില. പൊളാരിസ് പ്രൈവറ്റിന്റെ മീറ്റര്‍ വില 93,00 രൂപയും.
വിപണിയിലെ ഈ കിടമത്സരത്തിനിടെ സ്മാര്‍ട്ട് മീറ്റര്‍ വിലകള്‍ ഇനിയും ഉയരാനാണ് സാധ്യത. കേന്ദ്രം ഒരുക്കിക്കൊടുക്കുന്ന വിപുലമായ വിപണി സാധ്യതകള്‍ തന്നെയാണ് കാരണം. സ്മാര്‍ട്ട് മീറ്റര്‍ കച്ചവടത്തിന് കരുത്തേകാന്‍ കേന്ദ്രം ഈ മീറ്ററുകളുടെ വിലയില്‍ 15 ശതമാനം സബ്സിഡി പ്രഖ്യാപിച്ചതു മറ്റൊരു കാരണം. വൈദ്യുതിമേഖല പൂര്‍ണമായും സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ മുന്നോടിയാണ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയെന്നും ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തലുണ്ട്. ഇതിനുവേണ്ടി നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പലകുറി ശ്രമം നടത്തിയെങ്കിലും പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ആ നീക്കം തല്‍ക്കാലം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ സ്മാര്‍ട്ട് മീറ്റര്‍ നിയമപരമായി നിര്‍ബന്ധിതമാക്കാന്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തുമെന്ന സൂചനയുമുണ്ട്.
English Summary: Modi plans to impose smart meters on electricity consumers
You may also like this video