Site icon Janayugom Online

ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കരുതെന്ന് മോഡി

ഭീകരവാദത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതില്‍ നിന്ന് രാജ്യങ്ങള്‍ മാറി ചിന്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി പൊരുതണമെന്നും യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് മോഡി പറഞ്ഞു. പാകിസ്ഥാനെയും ചൈനയെയും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ലോകമെങ്ങും മൗലികവാദവും തീവ്രവാദ ചിന്തയും വര്‍ധിക്കുകയാണ്. ശാസ്ത്രത്തിലൂന്നിയുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍‍കണം. ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്ക് അത് തിരിച്ചടിയാകും. അഫ്ഗാന്‍ മണ്ണ് തീവ്രവാദത്തിനായി ഉപയോഗിക്കരുത്. അഫ്ഗാന്‍ ജനതയെ സംരക്ഷിക്കുകയും സ്ത്രീകളുടേയും കുട്ടികളുടേയും മറ്റ് ന്യൂനപക്ഷങ്ങളുടേയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ലോകത്തിന്റെ ചുമതലയാണെന്നും മോഡി പറ‌ഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ലോകം ഏറ്റവും തീവ്രമായ മഹാമാരിയെ നേരിടുകയാണ്. വാക്സിന്‍ നിര്‍മ്മാണത്തിന് മറ്റുരാജ്യങ്ങളിലെ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു. കോവിഡിനെതിരെ പോരാടി ജീവന്‍ വെടിഞ്ഞവര്‍ക്കെല്ലാം ആദരം അര്‍പ്പിക്കുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തിലേക്കു കടന്നു. രാജ്യത്തെ വൈവിധ്യങ്ങളാണ് ജനാധിപത്യത്തിന്റെ ശക്തി. സമുദ്രസമ്പത്തും പൈതൃകം പങ്കുവയ്ക്കുന്നുണ്ട്. സമുദ്രങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തിന്റെ ജീവനാഡിയാണ്. അവ കൈവശം വയ്ക്കാനോ കൈയടക്കാനോ ഉള്ള ശ്രമങ്ങള്‍ ഉണ്ടാകരുത്. ഇന്ത്യയുടെ നേട്ടങ്ങള്‍ ലോകത്തിന്റെ പുരോഗതിയുടെ വേഗം വര്‍ധിപ്പിക്കുമെന്നും മോഡി പറഞ്ഞു.

Eng­lish sum­ma­ry; Modi says ter­ror­ism should not be used as a polit­i­cal weapon

you may also like this video;

Exit mobile version