Site icon Janayugom Online

മോഡിയുടെ ‘പിറന്നാള്‍ ദിനത്തിലെ വാക്സിനേഷന്‍: കണക്കുകളില്‍ കൃത്രിമം കാണിക്കാന്‍ ആരംഭിച്ചത് ഒരാഴ്ച മുമ്പ് മുതല്‍

modi

പ്രധാനമന്ത്രി നരേന്ദ്രമോഡജിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വ്വം കോവിഡ് കണക്കുകള്‍ നേരത്തേ കുറച്ചുകാണിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഒറ്റദിവസം കൊണ്ട് രണ്ടര കോടി വാക്സിനേഷന്‍ നല്‍കിയെന്ന റെക്കോഡ് കരസ്ഥമാക്കാനാണ് വാക്സിനേഷന്റെ അതത് ദിവസങ്ങളിലെ കണക്കുകളില്‍ കേന്ദ്രം തിരിമറി കാണിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിക്കിടെ വാക്സിന്‍ കണക്കുകളില്‍ രാഷ്ട്രീയത കലര്‍ത്താനുള്ള ബിജെപിയുടെ വ്യഗ്രതയാണ് ഇതോടെ വെളിവാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പത്ത് ദിവസങ്ങള്‍ മുമ്പ് വരെയുള്ള അളവ് കുറച്ച് കാണിച്ചത് മോഡിയുടെ പിറന്നാള്‍ ദിനത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചതായി വാദിക്കാനായിരുന്നു.

അതിനിടെ മോഡിയുടെ പിറന്നാള്‍ ദിന റെക്കോഡിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി വക്തവുമായ നവാബ് മാലിക്കും രംഗത്തെത്തി.

”മോഡിയുടെ പിറന്നാളിന് ഉണ്ടാക്കിയ റെക്കോര്‍ഡ് തികച്ചും വ്യാജമാണ്. അല്ലെങ്കില്‍ തൊട്ട് അടുത്ത ദിവസം എന്തുകൊണ്ട് കേന്ദ്ര സർക്കാരിന് സമാന ലക്ഷ്യം കൈവരിക്കാനായില്ല,  പ്രധാനമന്ത്രിയുടെ ജന്മദിനത്തിന് ഏകദേശം 15–20 ദിവസം മുമ്പ് ദിവസേനയുള്ള വാക്സിനേഷൻ നിരക്കും തെറ്റായിരുന്നു. കണക്കുകള്‍ പ്രകാരം 15 ദിവസം മുമ്പ് വാക്സിനേഷന്റെ അളവ് വളരെ ചെറുതായിരുന്നു.  വെള്ളിയാഴ്ച മാത്രം എങ്ങനെ ഇത്രയും റെക്കോര്‍ഡ് വാക്സിനേഷന്‍ കേന്ദ്രസര്‍ക്കാരിന്  നേടാനായത്? , മാലിക് ചോദിക്കുന്നു.

 


ഇതുകൂടി വായിക്കൂ: മോഡിയുടെ ജന്മദിനാഘോഷത്തില്‍ ശവമടക്കിനുള്ള വൈദ്യുതി ചൂളകള്‍: വ്യാപക പരിഹാസം

 


 

കേന്ദ്രസർക്കാർ നേരത്തെ ഈ തോതിൽ വാക്സിനേഷൻ നടത്തിയിരുന്നെങ്കിൽ, ആളുകൾക്ക് ശരിക്കും പ്രയോജനം ലഭിക്കുമായിരുന്നതായും മാലിക് പറഞ്ഞു.അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച്  പുറത്തുവന്ന വാക്സിനേഷന്‍ കണക്കുകളെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി.  കോവിഡ് വാക്സിനേഷൻ നിരക്ക് റെക്കോർഡ് നേട്ടത്തിൽ നിന്നു കുത്തനെ താഴ്ന്നതിൽ കേന്ദ്രസർക്കാരിനെ രാഹുൽഗാന്ധി പരിഹസിച്ചു. ‘ചടങ്ങ് അവസാനിച്ചു’ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. വാക്സിനേഷൻ ഹാഷ്ടാഗ് ഓടെയാണ് പരിഹാസം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിവസം രണ്ടര കോടി പേർക്കാണ് കോവിഡ് വാക്സീൻ നൽകിയത്. ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേ‍ര്‍ക്കു വാക്സീൻ നൽകിയ രാജ്യം എന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ അതിനടുത്ത ദിവസം കുത്തനെ താഴുകയായിരുന്നു. പത്ത് ദിവസത്തെ കോവിഡ് വാക്സിനേഷൻ നിരക്ക് ചൂണ്ടിക്കാട്ടുന്ന ഗ്രാഫും ട്വീറ്റിനൊപ്പം രാഹുൽ പങ്കുവെച്ചിട്ടുണ്ട്.വെള്ളിയാഴ്ച്ചയായിരുന്നു പ്രധാനമന്ത്രിയുടെ പിറന്നാൾ. ജൂൺ മാസത്തിൽ 2.47 കോടി പൗരൻമാ‍ർക്ക് വാക്സീൻ നൽകിയ ചൈനയെ മറികടന്നാണ് ഇന്ത്യ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഇനിയുള്ള ദിവസങ്ങളിലും ഇതുപോലെ വാക്സിനേഷൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇതാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുൽഗാന്ധി കുറിച്ചിരുന്നു.

 

Eng­lish Sum­ma­ry: Mod­i’s’ Birth­day Vac­ci­na­tion: Coun­ter­feit­ing start­ed a week ago

You may like this video also

Exit mobile version