Site icon Janayugom Online

മോഡിയുടെ ജന്മദിനം ജുംല ദിനമായി ആചരിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം ജുംല ദിവസമായി ആചരിക്കാൻ യുവ സംഘടനയുടെ ആഹ്വാനം. ദേശീയ യുവജന പ്രസ്ഥാനമായ യുവ ഹല്ല ബോൽ ആണ് സെപ്റ്റംബർ 17ന് ജുംല ദിവസ് (പൊള്ളയായ വാഗ്ദാനങ്ങളുടെ ദിനം) ആയി ആചരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം മോഡിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായാണ് സംഘടന ആചരിച്ചത്.
കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ സോഷ്യൽ മീഡിയിലൂടെയും മറ്റും ശക്തമായ പ്രതിഷേധങ്ങൾ അറിയിക്കുന്ന സംഘടനകൂടിയാണ് ഹല്ല ബോൽ. 

മോഡിയുടെ ജന്മദിനം ‘കിസാൻ ജവാൻ സമ്മാൻ ദിവസ്’ ആയി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. എന്നാൽ തങ്ങളിത് കള്ളത്തരങ്ങളുടെ ദിനമായി ആഘോഷിക്കുമെന്ന് യുവ ഹല്ല ബോൽ ദേശീയ ജനറൽ സെക്രട്ടറി റിഷവ് രഞ്ജൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നടപടികളിൽ പ്രതിഷേധിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കിങ് മേഖല, ഓർഡനൻസ് ഫാക്ടറി തൊഴിലാളികൾ ഉൾപ്പെടെ ജുംല ദിവസ് ആഘോഷങ്ങളുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും രഞ്ജൻ കൂട്ടിച്ചേർത്തു.
സാമ്പത്തിക, ആരോഗ്യ രംഗത്തെ മോഡി സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ രാജ്യത്തെ യുവജനങ്ങൾ വൻ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:Modi’s birth­day will be cel­e­brat­ed as Jum­la Day
You may also like this video

Exit mobile version