ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള ഒരാളെപ്പോലും ദേശീയ ന്യൂനപക്ഷ കമ്മിഷനിൽ അംഗമാക്കാനുള്ള മര്യാദ കാണിക്കാത്ത നരേന്ദ്രമോഡിയുടെ ക്രിസ്ത്യന്‍ സ്നേഹം ശുദ്ധ കാപട്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവുമായ ബിനോയ് വിശ്വം എംപി.
കേരളത്തിലും വടക്കെ ഇന്ത്യന്‍ മേഖലയിലും വലിയ സ്വാധീനമുള്ള, രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമാണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍. അവരുടെ പ്രതിനിധിയായി ഒരാള്‍പോലും ന്യൂനപക്ഷ കമ്മിഷനിലില്ല. മൂന്ന് മാസത്തിനിടെ മൂന്നു തവണയാണ് പ്രധാനമന്ത്രി ക്രിസ്ത്യന്‍ നേതാക്കളെ കണ്ടത്. ഇത്തരത്തില്‍ കൂടിക്കാഴ്ച നടത്തുന്നത് വോട്ട് പെട്ടിയിലാക്കാനുള്ള രാഷ്ട്രീയ താല്പര്യം കൊണ്ടുമാത്രമാണ്. സിറോ മലബാര്‍ സഭയോടും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുമുള്ള മോഡി സര്‍ക്കാരിന്റെ സ്നേഹം ശുദ്ധ കാപട്യമാണെന്നും ലവലേശം ആത്മാർത്ഥതയില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു. ക്രിസ്തീയ വിശ്വാസികളോട് ബിജെപി സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചന ജനങ്ങളിലേക്കെത്തിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Modi’s Christian love is pure hypocrisy: Binoy Vishwam MP
You may also like this video