വിനോദ സഞ്ചാര മേഖലയില്‍ ടൂറിസത്തിന്റെ വകഭേദങ്ങള്‍ നിരവധിയാണ്. ഉത്തരവാദിത്ത ടൂറിസം, തീര്‍ത്ഥാടന ടൂറിസം, ആരോഗ്യ ടൂറിസം, മഴ ടൂറിസം അങ്ങനെയങ്ങനെ. എന്നാല്‍ മോഡിയുടെ പുതിയ കണ്ടുപിടിത്തമായി ഇതാ ദുരന്ത ടൂറിസവും. ഇതിനു തുടക്കം കുറിച്ചത് ഭൂവനങ്ങളില്‍ സ്വര്‍ഗമുണ്ടെങ്കിലാസ്വര്‍ഗം ഇവിടെയാണിവിടെയാണിവിടെ മാത്രം എന്ന് നാം അഭിമാനം കൊള്ളുന്ന കേരളത്തില്‍ നിന്നും. മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പ്പൊട്ടലില്‍ നൂറുകണക്കിന് ജീവനാശം ഉള്‍പ്പെടെ ദുരിതവും ദുരന്തവും പെയ്തിറങ്ങിയപ്പോള്‍ ദുരന്ത ടൂറിസ്റ്റായി മോഡി വയനാട്ടിലെത്തി. പിന്നെ എന്തെല്ലാം കലാപരിപാടികള്‍. ദുരന്തഭൂമിയുടെ ആകാശക്കാഴ്ചയ്ക്കായി ഹെലികോപ്റ്ററില്‍ പറക്കല്‍, താഴെയിറങ്ങിയ ശേഷം മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞിനെയെടുത്ത് മാറോടു ചേര്‍ത്ത് താലോലിക്കല്‍, ഗുജറാത്തിലെ ദുരന്തങ്ങള്‍ക്കിടയില്‍ താനും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് ഗീര്‍വാണം, വയനാട്ടിലെ ദുരന്തം അതിലൊക്കെയപ്പുറമാണെന്ന സര്‍ട്ടിഫിക്കറ്റ്, ദുരന്തഭൂമി വീണ്ടെടുക്കാന്‍ കാര്യമായ സഹായമെന്ന ഉറപ്പുനല്കി ഫോട്ടോ ഷൂട്ടും പൂര്‍ത്തിയാക്കി മോഡി നൈജീരിയയിലേയ്ക്കോ പരാഗ്വേയിലേക്കോ ദുരന്ത ടൂറിസത്തിന് തിരിച്ചുപോയിട്ട് മാസം നാലു കഴിയുന്നു. എന്നിട്ട് മോഡി ഇപ്പോള്‍ പറയുന്നു വയനാട്ടിലേത് ദുരന്തമല്ലെന്ന്, ദുരന്തം ഇങ്ങനെയല്ലെന്ന്! കേരളത്തിന്റെ ഖജനാവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ 760 കോടിയുണ്ടെന്നും അതെടുത്തു ചെലവാക്കിക്കൊള്ളണമെന്നും. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഇത്ര നീചഹൃദയനാകാമോ? ഇതൊക്കെയാണെങ്കിലും രണ്ടു വര്‍ഷമായി തുടരുന്ന മണിപ്പൂരിലെ ചോരനനവാര്‍ന്ന ഭൂമിയില്‍ പോകാന്‍ മോഡിക്കു പേടി. അവിടെച്ചെന്നാല്‍ ജനം വെട്ടിക്കൂട്ടി ഉപ്പിലിട്ടുകളയുമോ എന്ന ഭയം! ഈ സാഹചര്യത്തിലാണ് ദിവംഗതനായ ആര്‍ ബാലകൃഷ്ണപിള്ളയുടെ പണ്ടത്തെ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന് പ്രസക്തിയേറുന്നത്. പഞ്ചാബികള്‍ ഇന്ത്യയില്‍ നിന്ന് വേര്‍പെട്ടുപോകേണ്ടിവരുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍ പഞ്ചാബിന് എന്തെല്ലാം പദ്ധതികളാണ് വാരിക്കോരി നല്കിയതെന്നായിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രസംഗം. ഈ പ്രസംഗത്തിന്റെ പേരില്‍ ആ പാവത്തിന് മന്ത്രിസ്ഥാനം പോലും രാജിവയ്ക്കേണ്ടിവന്നു. ഇപ്പോഴും വയനാട്ടിന്റെ പശ്ചാത്തലത്തില്‍ പിള്ളയുടെ പ്രസംഗത്തിന് പ്രസക്തിയേറുന്നതും അതുകൊണ്ടുതന്നെയാണ്.… ദുരന്തം സുരേഷ് ഗോപിക്ക് തോന്നിയത് തമ്പ്രാന്‍ മോഡിക്ക് ഇത്രയൊക്കെയാകാമെങ്കില്‍ അടിയന് എന്തുകൊണ്ട് താനും ചില പൊടിക്കൈകള്‍ പ്രയോഗിച്ചുകൂടേയെന്ന്. തന്നെ അറസ്റ്റു ചെയ്യാനോ വിരട്ടാനോ ഒരു പൊലീസും വരില്ലെന്ന് നന്നായറിയുന്നത് മറ്റാരെക്കാളും സുരേഷ് ഗോപിക്കാണ്. അതുകൊണ്ടുതന്നെയാണ് ഒറ്റത്തന്ത ഗോപി മുഖ്യമന്ത്രിയെപ്പോലും വെല്ലുവിളിക്കുന്നത്. സിബിഐയെ കൊണ്ടുവാ, മോഡിയെ വിളിച്ചോണ്ടുവാ എന്നൊക്കെ. കൊത്തിക്കൊത്തി ഗോപി മുറത്തില്‍ കയറി കൊത്തിത്തുടങ്ങിയിരിക്കുന്നു. മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കയ്യിട്ട് ലൈംഗികാധിക്ഷേപം നടത്തിയതിന് ഇയാള്‍ക്കെതിരെയെടുത്ത കേസ് എങ്ങുമെത്തിയില്ല. പുതുച്ചേരിയില്‍ നിന്നും വാഹനം വാങ്ങി നികുതി തട്ടിപ്പു നടത്തിയതിന് പൊലീസ് ഷിറ്റ് ഗോപിക്കെതിരെ ഒരു വഴിപാടു കുറ്റപത്രം സമര്‍പ്പിച്ചത് ഇരുപതു വര്‍ഷത്തിനുശേഷം, മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതിന് കേസ് പോലുമില്ല. മര്‍ദിക്കുന്നത് ഇങ്ങനെയാണെന്ന് ഗോപി ആംഗ്യം കാണിച്ചതാണെന്നാണ് ഗോപിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ’24 ന്യൂസി‘ന്റെ ലേഖകന്‍ അലക്സ് റാം മുഹമ്മദിനെ മുറിയില്‍ വിളിച്ചുവരുത്തി ബന്ദിയാക്കി ഭീഷണിപ്പെടുത്തിയതിനും കേസില്ല. അങ്ങിങ്ങ് ചില പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി, കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍. സുരേഷ് ഇടപ്പാള്‍ തുടങ്ങിയ ചുണക്കുട്ടന്മാര്‍ നയിക്കുന്ന യൂണിയനും ദുരന്തം ഗോപിയെയും പൊലീസിനെയും പേടിയാണോ? സംവിധാനത്തിന്റെ നാലാം തൂണ്, അഞ്ചാംകാല്‍ എന്നിങ്ങനെ ഊറ്റംകൊള്ളുന്ന മാധ്യമലോകം ഇവന് ചുട്ടമറുപടി നല്കേണ്ടതായിരുന്നില്ലേ. അലക്സ് റാം മുഹമ്മദിനെ ബന്ധനസ്ഥനാക്കി വിട്ടയച്ചശേഷം ഗോപി പുറത്തിറങ്ങുമ്പോള്‍ ഒറ്റത്തന്തയ്ക്ക് പിറന്നവനെങ്കില്‍ തടഞ്ഞുവച്ചതിന് മറുപടി പറഞ്ഞിട്ട് താന്‍ പോയാല്‍ മതിയെന്ന് പറഞ്ഞിരുന്നെങ്കിലോ. മാധ്യമക്കൂട്ടത്തിനിടയില്‍ നിന്ന് ഏതെങ്കിലും ഒരു ശിങ്കിടി മുങ്കന്‍ ഗോപിയുടെ നാഭിക്ക് ഒരു തൊഴി കൊടുത്തിരുന്നെങ്കിലോ പിന്നെയൊരിക്കലും പൊലീസിനെ പേടിക്കാത്ത ഗോപിക്ക് മാധ്യമങ്ങളെയെങ്കിലും ഭയമായിരുന്നേനേ! മലയാളി കൂടുതല്‍ കൂടുതല്‍ സാമ്പത്തിക നിരക്ഷകരാവുന്നുവോ? ഈയിടെ നടന്ന ഒരു സര്‍വേയനുസരിച്ച് സംസ്ഥാനത്തെ 65 ശതമാനം ജനങ്ങളും കടക്കെണിയിലാണ്. യുപി, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് തുടങ്ങിയ പത്തോളം സംസ്ഥാനങ്ങളില്‍ ഇത് ശരാശരി 1.8ശതമാനമാണ്. മലയാളികളില്‍ ഓരോരുത്തരും ശരാശരി 1.98ലക്ഷം രൂപയുടെ കടക്കാരാണ്. സമ്പാദ്യശീലമുള്ള 35ശതമാനം മലയാളിയുടെ സമ്പാദ്യവും നാമമാത്രം. ബാങ്കുകളിലാണ് മലയാളിയുടെ ഏറ്റവുമധികം കടം. വീടു പണിയാന്‍ ബാങ്കില്‍ നിന്നും കടമെടുക്കും. അത് ബാങ്കില്‍തന്നെ നിക്ഷേപിക്കുന്ന വായ്പ കിട്ടിയ അന്നു മുതല്‍ തന്നെ നിക്ഷേപത്തില്‍ നിന്നും ഒരു തുക പിന്‍വലിക്കും. പിന്നെയങ്ങോട്ട് പുട്ടും മട്ടനും ചിക്ക് കിംശ്സുമൊക്കെയായി കുശാലായ ജീവിതം. ആറു മാസം കഴിയുമ്പോഴേക്കും വായ്പ വാങ്ങിയ തുക തീന്നുതീര്‍ക്കും. എന്നിട്ട് വീടു വയ്ക്കാനുള്ള ഭൂമി ജപ്തിയാകുമ്പോള്‍ ചാനലുകളിലൂടെ നിലവിളിയാകും. ധനസഹായം അപേക്ഷിച്ചുകൊണ്ട് മാലോകരോട് ദാരിദ്ര്യം പറച്ചില്‍. പണ്ടത്തെ മലയാളിയുടെ സമ്പാദ്യശീലം എന്തേ ഇന്നത്തെ മലയാളിക്ക് ഇല്ലാതെ പോയത്. കയ്യിലിരിപ്പും ഉള്ളിലിരിപ്പും കൊണ്ടല്ലാതെ മറ്റെന്തു പറയാന്‍! നടന്‍ ഇന്ദ്രന്‍സിനെക്കുറിച്ച് ആവേശകരമായ ഒരു വാര്‍ത്ത വരുന്നു. ഇന്ന് ഒരുപക്ഷേ, കോടീശ്വരനായിക്കഴിഞ്ഞ ഇന്ദ്രന്‍ എന്ന സുരേന്ദ്രന്റെ ബാല്യകൗമാരങ്ങള്‍ ദാരിദ്ര്യപൂര്‍ണമായിരുന്നു. അമ്മ പലഹാരങ്ങളും കഞ്ഞിയുമുണ്ടാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ മുന്നിലിരുന്ന് കച്ചവടം നടത്തിയായിരുന്നു ഇന്ദ്രന്‍സിനെയും സഹോദരങ്ങളെയും പോറ്റിയത്. പലഹാരങ്ങളും കഞ്ഞിയും വില്‍ക്കാതെ ബാക്കിവരണേ എന്ന് തങ്ങള്‍ ദിവസവും പ്രാര്‍ത്ഥിക്കാറുണ്ടെന്ന് ഇന്ദ്രന്‍സ് ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നു. മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിയത് സാമ്പത്തിക ദുരിതങ്ങള്‍ മൂലമായിരുന്നു. പിന്നീട് തുന്നല്‍ക്കാരനായി. ചലച്ചിത്ര താരങ്ങളുടെ വസ്ത്രങ്ങള്‍ തുന്നി പ്രശസ്തനായി. അതുവഴി സിനിമയിലെത്തിയ ഇന്ദ്രന്‍സ് ദേശീയ – അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടി. എങ്കിലും പഠിക്കാന്‍ കഴിഞ്ഞില്ലെന്ന നോവ് ഒരു കനലായി ഇന്ദ്രന്‍സിന്റെ ഉള്ളില്‍ നീറുകയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ദ്രന്‍സ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി. 500ല്‍ 297മാര്‍ക്കോടെ വിജയം. അറുപത്തിയെട്ടാം വയസിലും അക്ഷരങ്ങളോടുള്ള അഭിനിവേശം വിജയമാക്കിയ ഇന്ദ്രന്‍സിന് നമോവാകം.