മോഡിയുടേത് ജനങ്ങൾക്കിടയിൽ മതവികാരം കുത്തിനിറച്ചു അവരെ ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്ട്രീയ തന്ത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ഭരണിക്കാവ് മണ്ഡലം കമ്മിറ്റി ഓഫീസ് കാനം രാജേന്ദ്രൻ സ്മാരകമായി നാമകരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് എല്ലാവർക്കും ജോലി, എല്ലാവർക്കും പാർപ്പിടം, സൗജന്യ വൈദ്യൂതി എന്നിവ ലഭ്യമാക്കുമെന്ന് മോഡി പ്രഖ്യാപിച്ചു. എന്നാല്‍ അത് പ്രഖ്യാപനത്തിലൊതുങ്ങി.
നമ്മുടെ രാജ്യത്തിന്റെ മുഖ്യശത്രു വർഗീയ ഫാസിസ്റ്റ് സംഖ്യമായ ആർഎസ്എസ് — ബിജെപി സർക്കാരാണ്. ഇതിനെതിരെ ഇടതുപക്ഷ മതേതരത്വ ജനാധിപത്യ മുന്നണിയുടെ വളർച്ച അനിവാര്യമാണ്. വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി ഒഴികെയുള്ള മതേതര കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യം ഭരണത്തിൽ വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എൻ ശ്രീകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ല അസിസ്റ്റന്റ് സെക്രട്ടറി എസ് സോളമൻ, സംസ്ഥാന കൗണ്‍സില്‍ അംഗം എ ഷാജഹാൻ, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ കെ എസ് രവി, ആർ ഗിരിജ, മണ്ഡലം സെക്രട്ടറിമാരായ എ എസ് സുനിൽ, എം മുഹമ്മദാലി, മിൽമ ചെയർപേഴ്സൺ മണി വിശ്വനാഥ്, ഉൺമ മോഹൻ, ഡോ. പി കെ ജനാർദ്ദനക്കുറുപ്പ്, എസ് ആദർശ്, റഹിം കൊപ്പാറ, കെ സുകുമാരൻ, വിജയൻ മഞ്ഞാടിത്തറ, എസ് സനിൽകുമാർ, ആർ ആനന്ദൻ കെ പ്രദീപ്, എ കെ സജു, ടി കെ ബിജു, നൈനാൻ ജോർജ്, സി കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
English Summary: Modi’s divisive political strategy: Binoy Vishwam
You may also like this video