Site icon Janayugom Online

മോഡിയുടെ വിദ്വേഷ പ്രസംഗം: വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

മുസ്ലിം മത വിഭാഗത്തെ ലക്ഷ്യമിട്ട് രാജസ്ഥാനിലെ ബന്‍സ്വാരയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ ബിജെപിയോട് വിശദീകരണം തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച പരാതിയിലാണ് മൂന്ന് ദിവസത്തെ മൗനത്തിനൊടുവില്‍ നടപടി. നുഴഞ്ഞു കയറ്റക്കാര്‍, കുടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവര്‍ എന്നു തുടങ്ങി മുസ്ലിം മതവിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് റാലിക്കിടെ വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് വിജയിച്ചാല്‍ രാജ്യത്തെ ജനങ്ങളുടെ സമ്പത്ത് പിടിച്ചെടുത്ത് മുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

പ്രധാനമന്ത്രിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയോട് കമ്മിഷന്‍ വിശദീകരണം തേടിയിരിക്കുന്നത്. വരുന്ന തിങ്കളാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കമ്മിഷന്‍ നല്‍കിയ കത്തിലുള്ളത്. തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി നല്‍കിയ പരാതിയില്‍ കമ്മിഷന്‍ കോണ്‍ഗ്രസിനും സമാനമായ നോട്ടീസ് അയച്ചു. രാഹുലിന് പുറമെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തിലും പരാതിയുയര്‍ന്ന സാഹചര്യത്തില്‍ കമ്മിഷന്‍ വിശദീകരണം തേടി. 

കോയമ്പത്തൂരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മോഡിക്കെതിരെ ശക്തമായ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗവും പട്ടികജാതി പട്ടിക വര്‍ഗങ്ങളോടുള്ള അവഗണനയുടെ ഭാഗമായി രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന ഖാര്‍ഗെയുടെ പരാമര്‍ശവുമാണ് ബിജെപി പരാതികള്‍ക്ക് ആധാരം. 

പാര്‍ട്ടി അധ്യക്ഷന്മാര്‍ മറുപടി നല്‍കണം

പെരുമാറ്റച്ചട്ട ലംഘനങ്ങൾ ആരോപിക്കപ്പെടുന്നതിന്റെ നോട്ടീസ് ബന്ധപ്പെട്ട സ്ഥാനാർത്ഥിക്കോ താരപ്രചാരകനോ നേരിട്ട് നൽകിയിരുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ഇതാദ്യമായാണ് പാർട്ടി നേതാക്കൾക്ക് നോട്ടീസ് നൽകുന്നത്.
പാര്‍ട്ടികളുടെ താര പ്രചാരകരുടെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്മാര്‍ ഉത്തരവാദികളെന്ന ജനപ്രാതിനിധ്യ നിയമത്തിലെ 77 -ാം വകുപ്പ് പ്രകാരമാണ് കമ്മിഷന്റെ പുതിയ നടപടി. എന്നാല്‍ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും, ബിജെപിയിലെ ദിലീപ് ഘോഷ്, കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, സുപ്രിയ ശ്രീനേറ്റ്, എഎപി നേതാവ് അതിഷി എന്നിവരുൾപ്പെടെ പാർട്ടി നേതാക്കൾക്ക് കമ്മിഷൻ നേരിട്ടാണ് നോട്ടീസ് നൽകിയത്. എന്നാല്‍ മോഡിയുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുതിയ നിലപാട് സ്വീകരിക്കുകയായിരുന്നു.

രാമക്ഷേത്രത്തില്‍ ക്ലീന്‍ ചിറ്റ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോഡി നടത്തിയ രാമക്ഷേത്ര പരാമർശം തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ.
പ്രധാന മന്ത്രി സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് മാത്രമാണ് വിശദീകരിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തല്‍. ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ചൂണ്ടിക്കാട്ടിയതിനും തെറ്റില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നു.
മോഡിയുടെ പ്രസംഗം മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തിയിട്ടില്ലെന്നും കമ്മിഷന്‍ നിരീക്ഷിക്കുന്നു. 

Eng­lish Sum­ma­ry: Mod­i’s hate speech: Elec­tion Com­mis­sion seeks explanation

You may also like this video

Exit mobile version