Site iconSite icon Janayugom Online

അന്താരാഷ്ട്ര സൂചികകളിലെല്ലാം ഇന്ത്യ പിന്നില്‍; സ്വന്തമായി സൂചിക നിര്‍മ്മിക്കാനൊരുങ്ങി മോഡി സര്‍ക്കാര്‍  

അന്താരാഷ്ട്ര സൂചികകളിലുള്‍പ്പെടെയുണ്ടായ ഇടിവും വിമര്‍ശനങ്ങളും മറയ്ക്കാന്‍ സ്വന്തമായി സൂചിക നിര്‍മ്മിക്കാനൊരുങ്ങി നരേന്ദ്ര മോഡി സര്‍ക്കാര്‍. ഗവേഷണ സ്ഥാപനമായ ഒബ്സേര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനു(ഒആര്‍എഫ്)മായി ഇതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.  സൂചിക തയ്യാറാക്കാനുള്ള ചട്ടങ്ങളുടെ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജനുവരിയില്‍ നടന്ന നിതി യോഗിന്റെ അവലോകന യോഗത്തില്‍ ജനാധിപത്യ റാങ്കിങ് പുറത്തുവിടുന്നത് സംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് പുറത്തുവരുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. സൂചികയിലെ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമായി വിദഗ്ധ സംഘം കൂടിക്കാഴ്ച നടത്തി. എന്നാല്‍ മോഡി സര്‍ക്കാരിന്റെ ആസൂത്രണ സമിതിയായ നിതി ആയോഗിന് സൂചിക നിര്‍മ്മാണത്തില്‍ നേരിട്ട് പങ്കില്ലെന്നും വിവരങ്ങളുണ്ട്.
2021ല്‍ യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഹൗസ് ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് സ്വന്തമായ സൂചിക നിര്‍മ്മാണത്തെക്കുറിച്ച് മോഡി സര്‍ക്കാര്‍ ആലോചിക്കാന്‍ തുടങ്ങിയത്. സ്വാതന്ത്ര്യത്തില്‍ നിന്ന് അര്‍ധസ്വാതന്ത്ര്യം എന്ന വിഭാഗത്തിലേക്കാണ് ഇന്ത്യ കൂപ്പുകുത്തിയത്. ഇതേവര്‍ഷം തന്നെ ഇന്ത്യയൊരു തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യരാജ്യമാണെന്ന് സ്വീഡന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇവരുടെ റിപ്പോര്‍ട്ടില്‍  കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും മോശം സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ ഒന്നെന്നായിരുന്നു പരാമര്‍ശിച്ചിരുന്നത്.
2020ലെ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ജനാധിപത്യ സൂചികയില്‍ ഇന്ത്യയ്ക്ക് 53-ാം സ്ഥാനമായിരുന്നു. പൗരത്വഭേദഗതി, ദേശീയ പൗരത്വ രജിസ്ട്രി, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ എന്നിവ രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ പിന്നോട്ടടിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
തുടര്‍ച്ചയായ വിമര്‍ശനങ്ങളും സൂചിക തകര്‍ച്ചകളും റിപ്പോര്‍ട്ട് ചെയ്തതോടെ വിവിധ മന്ത്രാലയങ്ങളുടെ സഹായത്തോടെ  30 ആഗോള സൂചികകളെ വിശദമായി പഠിക്കാന്‍ മോഡി നേതൃത്വം തീരുമാനിച്ചു. ലണ്ടന്‍ ആസ്ഥാനമാക്കി ഇരുന്നൂറ് രാജ്യങ്ങളുടെ സാമ്പത്തിക, വ്യാപാര, രാഷ്ട്രീയ മേഖലകളില്‍ വിശദമായ നിരീക്ഷണം നടത്തിവരുന്ന ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) സന്ദര്‍ശിച്ച് ഇന്ത്യയെക്കുറിച്ച് വിവരങ്ങള്‍ കൈമാറാന്‍ മോഡി സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു. പിന്നാലെയാണ് സ്വന്തമായ സൂചിക നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.
Eng­lish Sum­ma­ry: Modi’s India plans its own democ­ra­cy index
You may also like this video
Exit mobile version