ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ രണ്ടു ദിവസം ധ്യാനമിരുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം. ലോകം കണ്ട ഏറ്റവും വലിയ ഹിന്ദു നവോത്ഥാന നായകനായിരുന്ന സ്വാമി വിവേകാകന്ദന്റെ അനുയായി എന്ന് മേനിനടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസമായ ഇന്ന് ധ്യാനം അവസാനിപ്പിക്കുന്നത് ഇത് ഉറപ്പിക്കുന്നു. വിവേകാനന്ദനെ അനുകരിച്ചാണ് മോഡി വികസിത് ഭാരത് എന്ന ബിജെപിയുടെ അജണ്ട മുന്നോട്ടുവച്ചത്. ഏതാനും ദിവസം മുമ്പ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ വിവേകാനന്ദനെ സ്ഥാനത്തും അസ്ഥാനത്തും പ്രകീര്‍ത്തിച്ചതും ബംഗാള്‍ വോട്ടര്‍മാരെ മുന്നില്‍ക്കണ്ടായിരുന്നു. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി മമതാ ബാനാര്‍ജി വിവേകാനന്ദന്റെ ഖ്യാതി ഉയര്‍ത്തിക്കാട്ടിയില്ല എന്നും മോഡി ആരോപിച്ചിരുന്നു.
മോഡിയുടെ ജീവചരിത്രമായ നരേന്ദ്ര മോഡി: ദി മാന്‍, ദി ടൈംസ് എന്ന പുസ്തകത്തിന്റെ രചയിതാവായ നിലാഞ്ജന്‍ മുഖോപാധ്യായുടെ അഭിപ്രായത്തില്‍ കേവലം ധ്യാനം മാത്രമല്ല വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മോഡി കന്യാകുമാരിയിലേക്ക് പോയത്. ബംഗാളില്‍ മാത്രമല്ല രാജ്യമാകെ ആരാധിക്കുന്ന വിവേകാനന്ദനെ വോട്ടാക്കി മാറ്റുന്നതിനാണ് മോഡി ധ്യാനഗുരുവിന്റെ പരിവേഷം അണിഞ്ഞത്. ഹിന്ദു വോട്ട് ബാങ്ക് മാത്രമാണ് മോഡിയുടെ ലക്ഷ്യം. പുതുതലമുറയ്ക്ക് അത്ര പരിചിതമല്ലെങ്കിലും മഹാഭൂരിപക്ഷം പേരും വിവേകാനന്ദന്റെ ആശയങ്ങളെ സ്വാഗതം ചെയ്യുന്നവരാണ്. ഇതാണ് മോഡി മുതലെടുക്കാന്‍ ശ്രമിച്ചതെന്ന് നിലാഞ്ജന്‍ മുഖോപാധ്യായ പറഞ്ഞു.
42 സീറ്റുള്ള ബംഗാളില്‍ 30 സീറ്റാണ് ബിജെപി ലക്ഷ്യമിടുന്നത്. കൊല്‍ക്കത്ത, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലെ സീറ്റുകളാണ് പ്രധാനമായും ഉന്നം വയ്ക്കുന്നത്. വിവേകാനന്ദന്റെ ജന്മഗൃഹം സന്ദര്‍ശിച്ച മോഡി ‘ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം’ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് വേദി വിട്ടത്. ഇതൊക്കെ കേവലം വോട്ടിന് വേണ്ടിയുള്ള ഗിമ്മിക്കുകളായിരുന്നുവെന്നും മുഖോപാധ്യായ അഭിപ്രായപ്പെട്ടു.
വിവേകാനന്ദന്‍ സ്ഥാപിച്ച ശ്രീരാമകൃഷ്ണ മിഷനെ മമതാ ബാനര്‍ജിയും സംസ്ഥാന സര്‍ക്കാരും ദ്രോഹിക്കുന്നതായും മോഡി തെരഞ്ഞെടുപ്പ് റാലികളില്‍ ആരോപിച്ചിരുന്നു. ബിജെപി-ആര്‍എസ്എസ് ചട്ടക്കൂട്ടില്‍ ഒതുങ്ങാത്ത സ്വാമി വിവേകനന്ദനെ ആയുധമാക്കി ഹിന്ദു വോട്ട് ബാങ്ക് ഏകോപിപ്പിക്കുക എന്ന തരംതാണ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ധ്യാനമെന്നും നിലാഞ്ജന്‍ പറയുന്നു. അതേസമയം മോഡിയുടെ രണ്ടുദിവസത്തെ ധ്യാനം മൂലം കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും അടക്കം സാധാരണക്കാരുടെ ജീവിതം ദുരിതത്തിലായി. വിവേകാനന്ദ പാറയ്ക്ക് ചുറ്റും അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ കടലില്‍ സുരക്ഷ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. മൂന്ന് ദിവസത്തേക്കാണ് വിലക്ക്. ഇതോടെ ചെറിയ ബോട്ടുകളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ പ്രതിസന്ധിയിലായി. വിനോദസഞ്ചാരികള്‍ എത്താത്തതിനാല്‍ ചെറുകിട കച്ചവടക്കാരും ദുരിതത്തിലായി. സമീപത്തെ നാല്‍പതോളം മത്സ്യബന്ധന ഗ്രാമങ്ങളില്‍ മോഡിയുടെ ധ്യാനം മൂലം നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. 2000 പൊലീസുകാരെയാണ് കന്യാകുമാരിയില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിക്കുന്നത്.
English Summary:Modi’s is a political meditation; The target is the Hindu vote
You may also like this video