Site iconSite icon Janayugom Online

വിവിധകക്ഷികളുടെ വിലപേശലിനു നടുവില്‍ മോഡിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച

നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിനുള്ള ചര്‍ച്ചകള്‍ തലസ്ഥാനത്ത് സജീവമായിരിക്കെ വിവിധ കക്ഷികള്‍ വിലപേശല്‍ തുടങ്ങി. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതായതോടെ സഖ്യകക്ഷികളുടെ വിലപേശലകളും പിന്തുണ സംബന്ധിച്ച അഭ്യൂഹങ്ങളും ഉയരുന്നതിനിടെ മൂന്നാം നരേന്ദ്ര മോഡി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള വിവരം. ബിജെപി നേതാക്കളായ അമിത് ഷായും രാജ്‌നാഥ് സിങും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ വസതിയില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. മൂന്നാംസര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കഴിഞ്ഞ ജിവസം ചേര്‍ന്ന എന്‍ഡിഎ യോഗം തീരുമാനിച്ചിരുന്നു. സഖ്യത്തിന്റെ നേതാവായി യോഗം മോഡിയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടിഡിപി, ജെഡിയു, ജെഡിഎസ് തുടങ്ങിയ കക്ഷികള്‍ പ്രധാന വകുപ്പുകള്‍ക്കായി അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ നീളുന്നത്.

ജെഡിയുവും ടിഡിപിയും പാര്‍ട്ടി യോഗങ്ങള്‍ നടത്തിവരികയാണ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന യോഗത്തിലേക്ക് എല്ലാ പാര്‍ട്ടി എംപിമാരോടും മുഖ്യമന്ത്രിമാരോടും എത്തിച്ചേരാന്‍ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ യോഗത്തില്‍ മോഡിയെപാര്‍ലമെന്ററി നേതാവായി തിരഞ്ഞെടുക്കും.

തുടര്‍ന്ന് മോ‍ഡിയും സഖ്യകക്ഷി നേതാക്കളും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെക്കണ്ട് സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കും. ശനിയാഴ്ച വൈകീട്ട് നടത്താന്‍ തീരുമാനിച്ചിരുന്ന സത്യപ്രതിജ്ഞ ഞായാറാഴ്ച രാവിലെയാകും നടക്കുകയെന്നാണ് വിവരം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ഞായാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരുന്നത് ജൂണ്‍ 12‑ലേക്ക് മാറ്റിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ചാണ് ഈ മാറ്റമെന്നാണ് വിവരം.

Eng­lish Summary:
Mod­i’s swear­ing-in on Sun­day amid bar­gain­ing by var­i­ous parties

You may also like this video:

Exit mobile version