Site iconSite icon Janayugom Online

മുഹമ്മദ് അഖ്‍ലഖിഖ് ആൾക്കൂട്ടം മർദ്ദിച്ചുക്കൊന്ന കേസ്; പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ കോടതി തള്ളി

പശുമാംസം കൈവശം വച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ‍്‍ലാഖിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ആദിത്യനാഥ് സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി. ഗൗതംബുദ്ധ നഗര്‍ ജില്ലയിലെ സൂരജ‍്പൂരിലെ അതിവേഗ കോടതിയുടേതാണ് നടപടി. പകരം വിചാരണ വേഗത്തിലാക്കാൻ കോടതി ഉത്തരവിട്ടു. 14 പ്രതികള്‍ക്കെതിരായ കുറ്റപത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിമിനല്‍ നടപടിക്രമനിയമത്തിലെ (സിആര്‍പിസി) സെക്ഷന്‍ 321 പ്രകാരം പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ അഡീഷണല്‍ ജില്ലാ ജഡ്ജി സൗരഭ് ദ്വിവേദിയാണ് തള്ളിയത്. കേസ് വളരെ പ്രധാനപ്പെട്ടതായി കണക്കാക്കിയ കോടതി, ദൈനംദിനം വാദം കേള്‍ക്കുന്നതിനും തെളിവുകള്‍ സംരക്ഷിക്കുന്നതിനും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജനുവരി ആറിന് കേസ് വീണ്ടും പരിഗണിക്കും. 

കേസ് പിന്‍വലിക്കാന്‍ ഒക്ടോബറിലും ബിജെപി സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഗൗതം ബുദ്ധ നഗര്‍ അഡീഷണല്‍ ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍ ഭാഗ് സിങ് ഭാട്ടിയാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. പ്രതികൾക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷ കോടതി തള്ളുകയായിരുന്നു. 2015 സെപ്റ്റംബര്‍ 28നായിരുന്നു ദാദ്രിയിലെ വീട് വളഞ്ഞ് അയൽക്കാരടങ്ങുന്ന ആൾക്കൂട്ടം അഖ‍്‍ലാഖിനെ തല്ലിക്കൊന്നത്. പശുവിനെ അറുത്തെന്ന് ഒരു ക്ഷേത്രത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചതോടെ ആള്‍ക്കൂട്ടം തടിച്ചുകൂടുകയായിരുന്നു. അഖ്‌ലാഖിനെയും മകന്‍ ഡാനിഷിനെയും വീട്ടില്‍ നിന്ന് വലിച്ചിഴച്ച് അബോധാവസ്ഥയിലാകും വരെ ആക്രമിച്ചു. അഖ‍്‍ലാഖ് നോയിഡയിലെ ആശുപത്രിയില്‍ വച്ച് മരിച്ചു. കൊലപാതകം, കൊലപാതകശ്രമം, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, ആക്രമണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ പ്രാദേശിക ബിജെപി നേതാവിന്റെ മകന്‍ വിശാല്‍ റാണ അടക്കം 15 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കോടതി വിധിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു. മതപരമായ ഭിന്നത സൃഷ്ടിക്കുന്നതിനും ആള്‍ക്കൂട്ട ആക്രമണം നടത്തുന്നതിനും നേതൃത്വം നല്‍കിയ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയത് അപകടകരമായ പ്രവണതയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ യാദവ് പറഞ്ഞു. ഉത്തരവിറക്കിയ ജഡ്ജിക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. 

Exit mobile version