ആയത്തുല്ല അലി ഖമനയിയുടെ രണ്ടാമത്തെ മകൻ മുജ്തബ ഖമനയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരെഞ്ഞെടുത്തു. ദീർഘകാലമായി പിതാവിന്റെ ഓഫീസിൽ നിഴൽ രൂപമായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം അധികം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല. ഇറാന്റെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്.
88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മുജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. 1979ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് ഇറാന്റെ പരമോന്നത നേതൃസ്ഥാനം പിതാവിൽ നിന്ന് മകനിലേക്ക് കൈമാറുന്നത്.
ഇത് ഇറാനിലെ മുൻപത്തെ രാജഭരണത്തിന് (ഷാ ഭരണം) സമാനമായ പാരമ്പര്യ ഭരണത്തിലേക്കുള്ള മാറ്റമാണെന്ന വിമർശനവും ഉയരുന്നുണ്ട്. എന്നാല്‍ മുജ്തബയുടെ തെരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട് യുഎസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. പുതിയ നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ തങ്ങളെ കൂടി പങ്കെടുപ്പിക്കണമെന്നും ഇല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് അധികകാലം ആയുസ് ഉണ്ടാകില്ലെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

